Sunday, January 4, 2026

വീണ്ടും നരബലി!;ഉത്തര്‍പ്രദേശിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ തൂമ്പാ കൊണ്ടു വെട്ടിക്കൊന്നു;35കാരി അറസ്റ്റിൽ

ഉത്തർപ്രദേശ്:ആഗ്രഹങ്ങള്‍ സഫലമാക്കപ്പെടുന്നതിനായി നാല് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ ബലി നല്‍കിയ യുവതി അറസ്റ്റിൽ.ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിൽ ഗോസൈഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട ധനൗദിഹ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 35 -കാരിയായ മഞ്ജു ദേവിയാണ് മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇയാളുമായി യുവതിക്ക് രഹസ്യബന്ധം ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തുന്നതോടെ ഇവര്‍ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്നും ജീവിതം മുഴുവന്‍ മാറിമറിയും എന്നുമായിരുന്നു മന്ത്രവാദി സ്ത്രീയോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് തന്റെ ജീവിതത്തിലെ ദോഷങ്ങളെല്ലാം നീങ്ങി പോകാനാണ് താന്‍ കുഞ്ഞിനെ ബലി നല്‍കിയത് എന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഗ്രാമത്തിലെ വിഗ്രഹത്തിന് മുന്‍പില്‍ എത്തിച്ചാണ് മഞ്ജു ദേവി കുഞ്ഞിനെ ബലി നല്‍കിയത്. വിഗ്രഹത്തിനു മുന്‍പില്‍ കുഞ്ഞിനെ കിടത്തി തൂമ്പാകൊണ്ടു വെട്ടി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.സംഭവം അറിഞ്ഞ പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു.

ഞായറാഴ്ചയാണ് പോലീസ് മഞ്ജു ദേവിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ ഉപയോഗിച്ച് തുമ്പയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മന്ത്രവാദിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഇയാളെ പിടികൂടിയാല്‍ മാത്രമേ സമാനമായ രീതിയില്‍ മറ്റെന്തെങ്കിലും കൊലപാതകങ്ങള്‍ ഇയാളുടെ നിര്‍ദ്ദേശത്താല്‍ നടന്നിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുകയുള്ളൂ.

Related Articles

Latest Articles