ചെന്നൈ: തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികളിലൊരാളാണ് അനുഷ്‌ക ഷെട്ടി. താരം ഈയിടെയായി സോഷ്യൽമീഡിയയിലും സിനിമകളിലും അത്ര സജീവമല്ല. അതിനാൽ തന്നെ താരത്തിന് എന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തനിക്ക് ഒരു അപ്പൂർവ്വ രോഗം ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ ചിരി നിർത്താൻ സാധിക്കില്ല. കോമഡി സീനുകൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ച് തറയിൽക്കിടന്ന് ഉരുളുകയാണ് എന്നും ഷൂട്ടിങ് പലതവണ നിർത്തിവെക്കേണ്ടി വന്നുവെന്നും അനുഷ്‌ക ഷെട്ടി പറയുന്നു.
സ്യൂഡോബൾബർ അഫക്ട് എന്നറിയപ്പെടുന്ന തലച്ചോറിനെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയെക്കുറിച്ചാണ് അനുഷ്‌ക ഷെട്ടി പറഞ്ഞത്. ഈ രോഗം ബാധിച്ചാൽ നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലുള്ള ചിരിയോ കരച്ചിലോ ഉണ്ടാകും. അതേസമയം, അനുഷ്‌ക അഭിമുഖത്തിൽ പറഞ്ഞതിന് സമാനമാണ് പിബിഎയുടെ ലക്ഷണങ്ങളെങ്കിലും നടിക്ക് ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.

