കൊച്ചി : തൃപ്പുണിത്തുറ വടക്കേ കോട്ടയിലുണ്ടായ അപകടത്തിൽ യുവതിയുടെ ജീവൻ നഷ്ടമായ സംഭവത്തിൽ അശ്രദ്ധയിലും അമിത വേഗതത്തിലും ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസൻസ് റദ്ദാക്കി. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കാവ്യയെ അമിത വേഗത്തിലെത്തി വെട്ടിത്തിരിച്ച കാഞ്ഞിരമറ്റം സ്വദേശി കെ.എൻ. വിഷ്ണുവിന്റെ ബൈക്ക് റോഡിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സാധാരണയായി വാഹനാപകട കേസുകളിൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയാണ് പതിവ്.
കഴിഞ്ഞ നവംബർ 17-നായിരുന്നു സംഭവം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ഉദയം പേരൂർ സ്വദേശിനിയായ കാവ്യ എന്ന വീട്ടമ്മയാണ് യുവാവിന്റെ ഒരു നിമിഷത്തെ അശ്രദ്ധയിൽ കൊല്ലപ്പെട്ടത്. കാവ്യ ജോലിസ്ഥലത്തേക്ക് വരുന്ന വഴി. പിന്നാലെ അമിതവേഗത്തിൽ അശ്രദ്ധമായെത്തിയ വിഷ്ണുവിന്റെ ബൈക്ക് വെട്ടിത്തിരിഞ്ഞു സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ കാവ്യയുടെ ശരീരത്തിൽ തൊട്ടു പിറകെ നിശ്ചിത അകലം പാലിക്കാതെയെത്തിയ സ്വകാര്യ ബസും ഇടിച്ചു.
ഇയാൾ തുടർന്നും വാഹനമോടിച്ചാൽ പൊതുജനങ്ങൾക്കും റോഡിലിറങ്ങുന്നവർക്കും അപകടത്തിന് കാരണത്തിനടയാക്കുമെന്ന് വ്യക്തമാക്കിയാണ് തൃപ്പുണിത്തുറ ജോയിന്റ് ആർ.ടി.ഒ. യുവാവിന്റെ ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്. ഇതുകൂടാതെ, കാവ്യയെ ഇടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

