തൃശ്ശൂർ: മുരളീമന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പത്മജ വേണുഗോപാല്‍. ഇന്ന് രാവിലെ തൃശ്ശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയെ ബിജെപി പ്രവര്‍ത്തകര്‍ ഷാളണിയിച്ചാണ് സ്വീകരിച്ചത്. കരുണാകരന്‍റെ സ്മൃതികുടീരവും പത്മജ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനുപിന്നാലെ കോണ്‍ഗ്രസിനെതിരെ ഗുരുതര വെളിപ്പെടുത്തലും പത്മജ വേണുഗോപാല്‍ നടത്തി.
കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്.
തൃശ്ശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോൽപ്പിച്ചതിന് പിന്നിൽ എം പി വിൻസെന്റ്, ടിഎൻ പ്രതാപൻ എന്നിവരാണ്. ഇവരേക്കാൾ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാൽ അവരുടെ പേര് പറയും. സുരേഷ് ഗോപിയല്ല തന്നെ തോൽപിച്ചത്. ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ ആരോപിച്ചു. വടകരയിൽ നിന്നാൽ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശ്ശൂരിൽ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു. തൃശ്ശൂരിൽ സുരേഷ് തന്നെ ഗോപി ജയിക്കും.
ചന്ദനക്കുറിയിടുന്നതില്‍ കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടായിരുന്നു. ഞാൻ വര്‍ഗീയ വാദിയാണ്. ചന്ദനിക്കുറിയിട്ട് നടക്കുന്നുവെന്ന് പറഞ്ഞിരുന്നു. അതോടെയാണ് ചന്ദനക്കുറിയിടുന്നത് നിര്‍ത്തിയതെന്നും പത്മജ പറഞ്ഞു.

