Tuesday, May 28, 2024
spot_img

“ഒരു മാസത്തിനുള്ളിൽ സെർച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാത്ത പക്ഷം സ്വന്തം നിലയ്ക്ക് കമ്മിറ്റിയുണ്ടാക്കി നിയമനം നടത്തും!”- വിസിമാർക്ക് അന്ത്യശാസനം നൽകി ഗവർണർ ! കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിന് സ്റ്റേ

തിരുവനന്തപുരം : സംസ്ഥാനത്തെ എട്ട് സര്‍വകലാശാലകള്‍ക്ക് വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കത്തയച്ചു. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ എട്ടിന് സെര്‍ച്ച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കണമെന്ന് സംസ്ഥാനത്തെ സര്‍വകലാശാലകളിലെ രജിസ്ട്രാര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സര്‍വകലാശാലകള്‍ പ്രതികരണം അറിയിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഒരു മാസത്തിനകം സെനറ്റ് വിളിച്ച് ചേര്‍ത്ത് യൂണിവേഴ്‌സിറ്റി പ്രതിനിധിയെ അയക്കണമെന്നും അല്ലാത്തപക്ഷം സ്വന്തം നിലയില്‍ തീരുമാനം എടുക്കുമെന്നും വിസിമാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

സര്‍വകലാശാല പ്രതിനിധി, യുജിസി പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുണ്ടാവുക. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കുസാറ്റ്, കെടിയു, ഫിഷറീസ്, മലയാളം, വെറ്ററിനറി തുടങ്ങിയ എട്ട് സര്‍വകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്.

അതേസമയം കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഗവർണർ സ്റ്റേ ചെയ്തു. ഗവർണർ നോമിനേറ്റ് ചെയ്ത അധ്യാപകരുടെ പത്രിക തള്ളിയ സാഹചര്യത്തിലാണ് നടപടി.

Related Articles

Latest Articles