കഞ്ചാവ് ലഹരിയിൽ അഞ്ച് കിലോമീറ്ററോളം അശ്രദ്ധമായി വാഹനമോടിച്ച് നഗരത്തിൽ ഭീതി പരത്തിയ ദമ്പതികളെ പോലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ. ചിങ്ങവനത്ത് നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയ കായംകുളം സ്വദേശി അരുൺ, ഇയാളുടെ ഭാര്യ ധനുഷ എന്നിവരെ പോലീസ് ക്രെയിൻ റോഡിനു കുറുകെ നിർത്തിയാണ് പിടികൂടിയത്.
എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ അഞ്ച് കിലോമീറ്ററോളം ദൂരമാണ് ദമ്പതികൾ അപകടകരമായ രീതിയിൽ കാർ പായിച്ചത്. അമിത വേഗതയിൽ കാർ പായുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഇതോടെയാണ് പൊലീസ് സ്റ്റേഷനു സമീപം റോഡിൽ ക്രെയിൻ കുറുകെയിട്ട് കാർ തടഞ്ഞ് ചിങ്ങവനം പോലീസ് ഇവരെ പിടികൂടിയത്.
കാറിൽ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് ബലംപ്രയോഗിച്ചാണ് ഇരുവരെയും വാഹനത്തിൽനിന്ന് ഇറക്കിയത്. പിടിയിലാകുന്ന സമയത്ത് ഇവർ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവതി കഞ്ചാവ് ഉപയോഗിച്ച് അക്രമാസക്തയായിരുന്നു. വിശദമായ പരിശോധനയിൽ ഇവരുടെ കാറിൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടി.അശ്രദ്ധമായ ഡ്രൈവിങ്ങിനും ലഹരി ഉപയോഗത്തിനും ഇവർക്കെതിരെ കേസെടുക്കും.

