ഉത്തർപ്രദേശിൽ അയല്‍വാസിയുടെ 2 കുട്ടികളെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പ്രതി സാജിദിന്റെ സഹോദരന്‍ ജാവേദ് കീഴടങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സാജിദ് കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സഹോദരനാണ് എല്ലാം ചെയ്തതെന്നും ഞാന്‍ നിരപരാധിയാണെന്നും ഇയാൾ പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ബറേലിയില്‍ എത്തിയ ജാവേദിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജാവേദിനെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യാന്‍ ബദായൂമില്‍ എത്തിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ജാവേദിനെ ഏറ്റുമുട്ടലിൽ കൊല്ലരുതെന്ന് കൊല്ലപ്പെട്ട കുട്ടികളുടെ പിതാവായ വിനോദ് പോലീസിനോട് അഭ്യർഥിച്ചു. സാജിദ് എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് അറിയാൻ ഇയാളെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് പിതാവ് പറഞ്ഞു. ‘‘ജാവേദിനെ ചോദ്യം ചെയ്യണം. എന്തിനാണ് ഇത് ചെയ്തതെന്ന് എങ്കിൽ മാത്രമേ അറിയൂ. അവനെ ഏറ്റുമുട്ടലിൽ കൊന്നാൽ, രഹസ്യം ഒരിക്കലും പുറത്തുവരില്ല. സംഭവത്തിൽ മറ്റുള്ളവർക്കും പങ്കുണ്ടായിരിക്കാം. ഗൂഢാലോചനയുടെ ഭാഗമായാണോ എന്റെ മക്കളെ കൊന്നതെന്ന് ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അവർ കുടുംബത്തിലെ മറ്റുള്ളവരെയും കൊല്ലുമായിരുന്നു. ’’– കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് വിനോദ് പറഞ്ഞു. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ താൻ തൃപ്തനാണെന്നും തനിക്ക് ആരുമായും ശത്രുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബദായൂമിലെ ബാബാ കോളനിയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന സാജിദ് തൊട്ടടുത്തുള്ള വിനോദിന്റെ വീട്ടില്‍ എത്തി വിനോദിന്റെ മക്കളായ ആയുഷ് (13), അഹാന്‍ (7) എന്നിവരെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ സാജിദിന്റെ ബാര്‍ബര്‍ഷോപ്പിനു തീയിട്ടതോടെ മേഖലയില്‍ സംഘര്‍ഷമായി. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. വിനോദിന്റെ കുടുംബവുമായി സാജിദ് വഴക്കിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. വിനോദിന്റെ പിതാവിനോട് ഇയാള്‍ 5000 രൂപ വായ്പ ചോദിച്ചിരുന്നു. വിനോദിന്റെ ഭാര്യ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്.

