ദില്ലി: ഇന്ത്യാ-പാക് അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍റെ ഏത് നീക്കവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ആവശ്യമായ തയ്യാറെടുപ്പുകള്‍ സൈന്യം പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ലാഡാകില്‍ പാക്കിസ്ഥാന്‍ സൈനിക നീക്കം ശക്തമാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കശ്മീരില്‍ സൈന്യവും നാട്ടുകാരും തമ്മില്‍ സൗഹൃദപരമായ സാഹചര്യമാണ് ഉള്ളതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. തോക്കുകള്‍ ഇല്ലാതെ ജനങ്ങളുമായി അടുക്കാന്‍ സൈന്യത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കശ്മീര്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം നടത്താനാണിതെന്ന് യുഎസിലെ പാക് അംബാസിഡര്‍ അസാദ് മജീദ് ഖാന്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ നീക്കം അഫ്ഗാനിസ്ഥാനില്‍ സമാധാന സ്ഥാപനത്തിനുള്ള അമേരിക്കന്‍ നീക്കത്തെ ബാധിക്കും. അതുവഴി അമേരിക്കയില്‍ സമര്‍ദ്ദം ഉണ്ടാക്കാമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്.
എന്നാല്‍ ഇന്ത്യന്‍ നിലപാടാണ് ശരിയെന്നും മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതോടെ പാക്കിസ്ഥാന്‍ വെട്ടിലായി. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയെ സമീപിക്കാനുള്ള പാക് നീക്കവും പരാജയപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയെ സമീപിക്കാനുള്ള പാക്കിസ്ഥാന്‍ നീക്കം സുരക്ഷസമിതി പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന പോളണ്ട് തള്ളി.
അഭിപ്രായഭിന്നതകള്‍ ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പോളണ്ട് ആവശ്യപ്പെട്ടു. ജമ്മുകശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പോളണ്ട് വിദേശകാര്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിരുന്നു.

