ദില്ലി: ഇന്ത്യൻ സൈന്യത്തിന് പാകിസ്ഥാനെ യുദ്ധത്തിൽ തോൽപ്പിക്കാൻ ഏഴ് മുതൽ 10 ദിവസം വരെ മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനുമായി പുതിയ യുദ്ധം തുടങ്ങിയാൽ പത്തു ദിവസത്തിനുള്ളിൽ അവരെ തറ പട്ടികനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിൽ സൈനിക ഉദ്യോഗസ്ഥരുടെ പരിപാടിയിൽ സംബന്ധിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ദില്ലിയിൽ യുവത്വമുള്ള ചിന്തയുടെ ഫലമാണ് ഇന്ത്യയുടെ പുതിയ ശക്തി. 2016ൽ പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കും ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണവും പാകിസ്ഥാനെ നിലം പൊത്തിക്കാനാകുമെന്നതിന്‍റെ തെളിവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനോടകം മൂന്ന് തവണ ഇന്ത്യയോട് ഏറ്റുമുട്ടിയപ്പോഴും പാകിസ്ഥാൻ പരാജയമേറ്റുവാങ്ങിയതും അദ്ദേഹം ഓര്‍മപ്പെടുത്തി.
തീവ്രവാദികളെ ഇന്ത്യ അവരുടെ താവളത്തിലെത്തി ആക്രമിക്കുകയാണ്. 1947ലും 1965ലും 1971ലും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായിട്ടുണ്ട്. ഇതു കൂടാതെ 1999ൽ കാര്‍ഗിലിലും യുദ്ധത്തോളമെത്തിയ സാഹചര്യമുണ്ടായിരുന്നു. എന്നാൽ തീവ്രവാദികളെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്നും കശ്മീരിൽ ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

