Tuesday, December 23, 2025

ഇന്ത്യ കാനഡ ബന്ധം വഷളാകുന്നു ! അംബാസിഡറെ തിരികെ വിളിച്ച് ഭാരതം! നയതന്ത്രബന്ധം വെട്ടിച്ചുരുക്കും

ദില്ലി :ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും കേസിൽ പെടുത്താനുള്ള കനേഡിയൻ സർക്കാർ നീക്കത്തിനിടെ ഭാരതം കടുത്ത നിലപാടിലേക്ക്. കാനഡയിലെ ഹൈക്കമ്മിഷണറെ മടക്കി വിളിക്കാൻ തീരുമാനിച്ചു. കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും സഞ്ജയ് വര്‍മ്മ അടക്കമുള്ള നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

അതേസമയം ദില്ലിയിലെ കനേഡിയന്‍ ഹൈക്കമ്മിഷണറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കിയിട്ടുണ്ട്. കാനഡ ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഇന്ത്യയും സമാനമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ഇന്ത്യ – കാനഡ നയതന്ത്രബന്ധം കൂടുതൽ സംഘർഷ ഭരിതമാകുമെന്ന് ഉറപ്പായി. ഇന്ത്യൻ ഹൈകമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വിദേശകാര്യമന്ത്രാലയം രൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിൻ ട്രൂഡോ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി മതവാദികൾക്ക് കീഴടങ്ങിയെന്നുമായിരുന്നു വിമർശനം.

നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാരാണ് കനേഡിയൻ പോലീസിന്റെ പിടിയിലായിട്ടുള്ളത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരാണ് എഡ്മണ്ടിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പോലീസ് വ്യക്തമാക്കി. എന്നാൽ, ഇവർക്ക് ഇന്ത്യൻ സർക്കാരുമായോ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുമായോ ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles