ദില്ലി: ചൈനയിലടക്കം ചില വിദേശ രാജ്യങ്ങളിൽ വീണ്ടുമുണ്ടായ കോവിഡ് വ്യാപനത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. അനിൽ ഗോയൽ പറയുന്നതനുസരിച്ച് ചൈനയിലെ ജനങ്ങളെക്കാൾ വളരെ മികച്ച പ്രതിരോധ ശേഷി ഇന്ത്യക്കാർക്ക് കൊറോണ വൈറസിനെതിരെയുണ്ട്. പക്ഷെ പുതിയ സാഹചര്യത്തിൽ രോഗ വ്യാപനത്തിനെതിരെയുള്ള പരിശോധന അടക്കമുള്ള അടിസ്ഥാന പ്രതിരോധ മാർഗ്ഗങ്ങളിലേക്ക് നാം മടങ്ങണം. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് 185 പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3500 ൽ താഴെയാണ്. ഇന്ത്യയിൽ 4.46 കോടി ജനങ്ങൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത് 5,30,681 പേരുടെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും സംഭവിച്ചിട്ടുണ്ട്.
രാജ്യത്ത് വളരെ കാര്യക്ഷമമായതും വിജയകരവുമായ വാക്‌സിനേഷൻ പദ്ധതിയാണ് നടന്നത്. സർക്കാർ കണക്കുകൾ അനുസരിച്ച് ഇതുവരെ 220 കോടി വാക്‌സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു. ആ നിലയിൽ ഇന്ത്യ കോവിഡിനെതിരെ ശക്തമായ സാമൂഹിക പ്രതിരോധം ആർജ്ജിച്ചു കഴിഞ്ഞു. എന്നാലും പുതിയ വൈറസ് വക ഭേദങ്ങൾക്കെതിരെ രാജ്യം ജാഗ്രത പാലിക്കുന്നു.

