കൊളംബോ: ശ്രീലങ്കൻ ജനതക്ക് കൈത്താങ്ങായി വീണ്ടും ഇന്ത്യ. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിലെ തമിഴ് വംശജരുടെ സാന്നിധ്യം കൂടുതലുള്ള ജാഫ്‌ന നഗരത്തിന്റെ ആവശ്യങ്ങൾക്കായി 15,000 ലിറ്റർ മണ്ണെണ്ണ ഇന്ത്യ ശനിയാഴ്ച കൈമാറി.
ജാഫ്‌ന നഗരത്തിലെ ഡെൽഫ്, നൈനത്തീവ്, എലുവൈത്തീവ്, അനലിത്തീവ് എന്നിവിടങ്ങളിലെ 700 മത്സ്യത്തൊഴിലാളികൾക്കും രാജ്യത്തെ പവർ ഫെറി സർവീസുകൾക്കുമാണ് ഇന്ത്യ സഹായം നൽകിയത്. കടക്കെണിയിലായ ശ്രീലങ്കയ്‌ക്ക് നേരത്തെ 40,000 മെട്രിക് ടൺ പെട്രോൾ എത്തിച്ച് നൽകി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ജാഫ്‌നയെ കേന്ദ്രീകരിച്ച് ഇന്ത്യ സഹായം കൈമാറിയത്.
കഴിഞ്ഞ മാസം 500 മില്യൺ യുഎസ് ഡോളറിന്റെ അധിക ക്രെഡിറ്റ് ലൈനാണ് ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകിയത്. 700,000 യുഎസ് ഡോളറിലധികം വിലമതിക്കുന്ന 25 ടൺ ആരോഗ്യസേവനങ്ങളും ശ്രീലങ്കയ്‌ക്ക് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ കൈമാറിയിരുന്നു.

