ന്യുദില്ലി : മുങ്ങിക്കപ്പലില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്താനൊരുങ്ങി ഇന്ത്യ. അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം.കെ 4 എന്നു പേരിട്ടിരിക്കുന്ന മിസൈല്‍ വിശാഖപട്ടണം തീരത്ത് ഭാരതത്തിന്റെ ആണവ അന്തർവാഹിനി ഐഎന്‍എസ് അരിഹന്തില്‍ നിന്നു വിക്ഷേപിക്കുമെന്നാണു റിപ്പോർട്ടുകൾ . 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിനു ചൈന, പാക്കിസ്ഥാന്‍ എന്നിവയെ ലക്ഷ്യമിടാനാകും. ഇതിനൊപ്പം 700 കിലോമീറ്ററിലധികം സ്‌ട്രൈക്ക് റേഞ്ചുള്ള ബിഒ-5 മിസൈലും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്.
ഇന്ത്യ നിര്‍മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ക്കായി ഡി ആര്‍ഡിഒയാണ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നത്. ഇന്ത്യയുടെ ആണവ ഗ്രൂപ്പിലെ പ്രധാന ഘടകമാകും അരിഹന്തുള്‍പ്പെടെയുള്ള അന്തര്‍വാഹിനികള്‍.കെ സീരീസില്‍ മിസൈലുകള്‍ ഇന്ത്യ നേരത്തെ തന്നെ നിര്‍മിച്ചിരുന്നു. 750 കിലോമീറ്റര്‍ പരിധിയുള്ള കെ 15, 3500 കിലോമീറ്റര്‍ പരിധിയുള്ള കെ 4 എന്നീ മിസൈലുകള്‍ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു.കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാനുള്ള കരുത്ത് (ന്യൂക്ലിയര്‍ ട്രയഡ്) നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ പരീക്ഷണം നിര്‍ണായകമാണെന്നു പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. യു എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, യുകെ എന്നിവയാണ് ഈ ശേഷിയുള്ള
മറ്റു രാജ്യങ്ങള്‍.

