Sunday, May 12, 2024
spot_img

ഒമിക്രോണ്‍ ആശങ്ക: പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം; വരുന്നത് മൂന്നാം തരംഗം?

ദില്ലി: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബംഗളൂരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ രാജ്യം വിട്ടതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍, ഒന്ന് നെഗറ്റീവും ഒരെണ്ണം പൊസിറ്റിവും ആയതിലെ വൈരുദ്ധ്യമാണ് അന്വേഷിക്കുന്നത്. ബംഗ്ലൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ സ്വദേശികളെ പറ്റിയും കർണ്ണാടക സർക്കാരിന് വിവരം ലഭിച്ചിട്ടില്ല.

ഒമിക്രോൺ വകഭേദം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ബാധിതരിൽ നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണുള്ളത്, രോഗവ്യാപനം തടയുന്നതിനും മുൻകരുതൽ നടപടിയെന്ന നിലയിലുമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അത്യാഹിത സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അതേസമയം ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകത്തിൽ കോവിഡ്‌ നിയന്ത്രണ നടപടികൾ കർശനമാക്കി. ഷോപ്പിങ്‌ മാളുകൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശനത്തിന്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ നിർബന്ധമാക്കി. വിദ്യാർഥികൾക്ക്‌ സ്‌കൂളിലെത്താൻ മാതാപിതാക്കൾ രണ്ട്‌ ഡോസും എടുത്തെന്ന്‌ അറിയിക്കണം.

Related Articles

Latest Articles