ദില്ലി: എല്ലാവര്ക്കും സൗജന്യ വാക്സിൻ എന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയം പ്രാബല്യത്തിൽ വന്നതിനു പിന്നാലെ രാജ്യത്ത് ഒരാഴ്ചയ്ക്കിടെ നടന്നതു റെക്കോർഡ് വാക്സിനേഷൻ. ജൂൺ 21 മുതൽ 26 വരെ 3.3 കോടി ജനങ്ങളാണു വാക്സിൻ സ്വീകരിച്ചത്. നേരത്തേ ഏപ്രിൽ 3 മുതൽ ഏപ്രിൽ 9 വരെ 2.47 കോടി പേർക്കു വാക്സീൻ നൽകിയതായിരുന്നു ഇതുവരെയുള്ള ഉയർന്ന കണക്ക്, എന്നാൽ ഇതിനെ മറികടക്കുന്നതാണ് പുതിയ റിപ്പോർട്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന നയം പ്രാബല്യത്തിൽ വന്ന ജൂൺ 21ന് 80 ലക്ഷത്തോളം ഡോസുകളാണ് വിതരണം ചെയ്തത്. യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡിന്റെ ആകെ ജനസംഖ്യയോളം വരുന്ന ആളുകൾക്കാണ് ഇന്ത്യ ഒറ്റ ദിവസം അന്നു വാക്സിൻ നൽകിയത്. രാജ്യത്ത് ആകെ മൂന്നു കോടിയിലധികം പേർ വാക്സിൻ എടുത്ത ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. വെള്ളിയാഴ്ചയാണ് ഇവിടെ വാക്സിൻ വിതരണം മൂന്നു കോടി കടന്നത്. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ രണ്ടു കോടിക്കും, മൂന്നു കോടിക്കും ഇടയിൽ ഡോസുകൾ വിതരണം ചെയ്തു. ജൂൺ 21ന് വിവിധ സംസ്ഥാനങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. അതാണ് ഒറ്റ ദിവസം 80 ലക്ഷം എന്ന റെക്കോർഡിലേക്കു നയിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

