ദില്ലി : രാജ്യത്ത് രാഷ്ട്രീയ അഭയം നേടി രാജ്യത്ത് തുടരുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നല്‍കി ഭാരതം. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ സമ്മർദ്ദം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നീക്കം. ഹസീനയടക്കം 96 പേരുടെ പാസ്‌പോര്‍ട്ട് പുനഃസ്ഥാപിച്ചതായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്.
16 വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ലണ്ടനിലേക്കോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തോ പോകാനായിരുന്നു ഹസീനയുടെ ആദ്യ പദ്ധതി. എന്നാൽ അനുകൂല നിലപാട് ഒരിടത്ത് നിന്നും ഉണ്ടായില്ല. ഇതോടെ ഹസീന ഇന്ത്യയിൽ തുടരുകയായിരുന്നു. നേരത്തെ ഹസീനയടക്കം നിരവധി പേര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. ഹസീനയ്ക്ക് പുറമേ മുന്‍മന്ത്രിസഭാംഗങ്ങള്‍, ഉപദേശകര്‍, സൈനികര്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നൂറുകണക്കിനാളുകളെ കാണാതായ കേസിലാണിത്. ഹസീനയുടെ പേരില്‍ മൂന്നുകേസുകളാണ് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ എടുത്തത്.

