Wednesday, December 24, 2025

ടീം ഇന്ത്യയുടെസർജിക്കൽ സ്ട്രൈക്കിൽ പാകിസ്ഥാൻ തകർന്നടിഞ്ഞു ;ചരിത്രം ആവർത്തിച്ച് ലോകകപ്പിൽ ശത്രു രാജ്യത്തിനെതിരെ ഭാരതത്തിന്റെ തുടർച്ചയായ ഏഴാം വിജയം

ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു.

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സമാന്റെ ഇന്നിംഗ്സ്. രണ്ടാം വിക്കറ്റില്‍ അസമുമായി ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാനും സമനായി. പാക് ഇന്നിംഗ്സിലെ മികച്ച കൂട്ടുക്കെട്ടും ഇത് തന്നെ.

പിന്നാലെ എത്തിയവരെല്ലാം ഉത്തരവാദിത്വം കാണിക്കാതെ മടങ്ങുകയായിരുന്നു. നേരത്തെ രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ വിരാട് കോലി (77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ചുറി നേടിയിരുന്നു.

Related Articles

Latest Articles