ദില്ലി :ആഗോള ഔഷധ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ‘ബയോഫാർമ ശക്തി’ എന്ന ബൃഹദ് പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയ്ക്കായി സർക്കാർ വിഭാവനം ചെയ്യുന്നത്. അറിവ്, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലൂടെ ആരോഗ്യരംഗത്ത് പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബയോഫാർമ സ്ട്രാറ്റജി ഫോർ ഹെൽത്ത് അഡ്വാൻസ്മെന്റ് എന്ന ഈ നൂതന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ക്യാൻസർ, പ്രമേഹം, ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ ഭീഷണി രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുറഞ്ഞ ചിലവിൽ ബയോളജിക് മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി രാജ്യത്ത് മൂന്ന് പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NIPER) സ്ഥാപിക്കുമെന്നും നിലവിലുള്ള ഏഴ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നവീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ, ആഗോള നിലവാരത്തിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി രാജ്യത്തുടനീളം 1000 അംഗീകൃത ക്ലിനിക്കൽ ട്രയൽ സൈറ്റുകൾ സ്ഥാപിക്കാനും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ (CDSCO) കൂടുതൽ ശക്തിപ്പെടുത്താനും ബജറ്റ് നിർദ്ദേശിക്കുന്നു.
ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ടും ധനമന്ത്രി സഭയിൽ വെച്ചിരുന്നു. 2025-26 വർഷത്തിൽ ഇന്ത്യ 7.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും വരാനിരിക്കുന്ന വർഷത്തിൽ ഇത് 6.8 മുതൽ 7.2 ശതമാനം വരെയായിരിക്കുമെന്നും സാമ്പത്തിക സർവേ പ്രവചിക്കുന്നു. ജനുവരി 28-ന് ആരംഭിച്ച പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഏപ്രിൽ 2 വരെ നീണ്ടുനിൽക്കും. ഔഷധ നിർമ്മാണ മേഖലയിൽ വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും പുതിയ പ്രഖ്യാപനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

