Tuesday, December 23, 2025

ഇന്ത്യ-യുകെ ഉഭയകക്ഷി ബന്ധം വിശ്വാസം, കഴിവ്, സാങ്കേതികവിദ്യ എന്നിവയാൽ നയിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; 9 യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ. മുംബൈയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം, പ്രാദേശിക സ്ഥിരത എന്നിവയും ചർച്ചയായി. കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത പത്രസമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി, ഇന്ത്യയും യുകെയും തമ്മിലുള്ള പങ്കാളിത്തം “വിശ്വാസ്യത, കഴിവ്, സാങ്കേതികവിദ്യ” എന്നിവയാൽ നയിക്കപ്പെടുന്നുവെന്ന് പറഞ്ഞു. “ഇന്ത്യയുടെ ചലനാത്മകതയും യുകെയുടെ വൈദഗ്ധ്യവും ഒത്തുചേരുമ്പോൾ അതുല്യമായ ഒരു സമന്വയം സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ പങ്കാളിത്തം വിശ്വസ്തവും കഴിവധിഷ്ഠിതവും സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതുമാണ്,” നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

ഒന്‍പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. ഉഭയകക്ഷി വിദ്യാഭ്യാസ സഹകരണത്തില്‍ നിര്‍ണായക സംഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഖ്യാത സതാംപ്ടണ്‍ സര്‍വകലാശാലയുടെ ഗുരുഗ്രാമിലെ കാമ്പസ് ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സതാംപ്ടണെ കൂടാതെ ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്‌റ്റോള്‍ എന്നീ യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാനൊരുങ്ങുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയുടെ മുംബൈ കാമ്പസ് 2026-ല്‍ പ്രവര്‍ത്തനം ആരംഭിക്കും. ലിവര്‍പൂള്‍ സര്‍വകലാശാല ബെംഗളൂരുവിലും യോര്‍ക്ക് സര്‍വകലാശാല മുംബൈയിലും അബെര്‍ഡീന്‍ സര്‍വകലാശാല മുംബൈയിലും കാമ്പസുകള്‍ ആരംഭിക്കുമെന്നാണ് സൂചന.

തന്റെ ഇന്ത്യാസന്ദര്‍ശനം ഉഭയകക്ഷി വ്യാപാരകരാറിനെ ഊട്ടിയുറപ്പിക്കാനുള്ളതാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിര്‍ണായക ഘടകമാണ് ആ കരാറെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ജൂലൈ മാസത്തിൽ പ്രധാനമന്ത്രി മോദി യുകെ സന്ദർശിച്ചതിന് ശേഷമാണ് സ്റ്റാർമറിന്റെ ഈ സന്ദർശനം. ആ സന്ദർശന വേളയിൽ ഏകദേശം 6 ബില്യൺ പൗണ്ടിന്റെ പുതിയ നിക്ഷേപങ്ങളും കയറ്റുമതി കരാറുകളും ഉറപ്പായിരുന്നു.

Related Articles

Latest Articles