ബെംഗലൂരു: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകാനുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ന് രാത്രി ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയില്‍ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. ലോകശ്രദ്ധ ഇന്ത്യയിലേക്ക് ചുരുങ്ങുന്ന ആ ചരിത്ര നിമിഷത്തിന് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാസയിലെ ഗവേഷകരും എത്തും. പ്രധാനമന്ത്രിയോടൊപ്പം പ്രത്യേകം ക്ഷണിക്കപ്പെട്ട വിദ്യാർത്ഥികളും ഗവേഷകരും പ്രമുഖരും ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കും.
ദശലക്ഷകണക്കിന് ആളുകളാണ്ഈ ചരിത്ര നിമിഷം തത്സമയം വീക്ഷിക്കാൻ കാത്തിരിക്കുന്നത്. ഐ എസ് ആർ ഒ നിരവധി പ്ലാറ്റ് ഫോമുകളിലൂടെ ദൃശ്യങ്ങൾ തത്സമയ സംപ്രേഷണം നടത്തും. ബഹിരാകാശ ഏജൻസിയുടെ വെബ്‌സൈറ്റിലൂടെയും ഔദ്യോഗിക യൂട്യൂബ് ട്വിറ്റർ ചാനലിലൂടെയും ഇത് കാണാനാകും. പ്രസ് ഇൻഫോർമേഷൻ ബ്യൂറോയും യുട്യൂബ് പേജിലൂടെ ലാൻഡിങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.
പുലർച്ചെ 1.30 മുതൽ 2.30 വരെ നാഷണൽ ജിയോഗ്രാഫിക് ചാനലിൽ ചന്ദ്രയാൻ ദൃശ്യങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്യും. ഇന്ത്യയുടെ ചരിത്രപരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ഈ ഷോ നാസയുടെ ബഹിരാകാശ യാത്രികൻ ജെറി ലിനെഞ്ചരാകും അവതരിപ്പിക്കുക.

