Sunday, June 16, 2024
spot_img

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറക്കുക ലക്ഷ്യം

ദില്ലി: ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. കളിപ്പാട്ടങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ഇറക്കുമതിക്ക് ലൈസൻസ് നിര്‍ബന്ധമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇന്ത്യൻ അതിർത്തിയിൽ നിന്ന് ചൈനീസ് സൈന്യത്തിന്റെ സമ്പൂർണ്ണ പിന്മാറ്റമെന്ന ആവശ്യം ഇന്നലെ സേനാ കമാൻഡർമാരുടെ യോഗത്തിൽ ആവർത്തിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നെങ്കിലും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചില പ്രദേശങ്ങളിൽ ചൈനയുടെ കടുംപിടുത്തം തുടരുകയാണ്. ഇന്നലെ നടന്ന സൈനിക കമാണ്ടർ തല ചര്‍ച്ചയിൽ പൂർണ്ണ പിൻമാറ്റം എന്ന ആവശ്യം ഇന്ത്യ ശക്തമായി ഉന്നയിച്ചു. വ്യാപാര രംഗത്ത് സമ്മർദ്ദം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇറക്കുമതിക്ക് ലൈസൻസ് നിര്‍ബന്ധമാക്കാനും തീരുവ കൂട്ടാനുമാണ് നീക്കം. ഗൃഹോപകരണങ്ങൾക്ക് പുറമെ, ഏയര്‍ കണ്ടീഷണര്‍, തുകൽ, ചെരിപ്പുകൾ, വളം, പാക്കറ്റ് ഭക്ഷണം, സ്റ്റീൽ, അലുമിനീയം, ചെമ്പ്, തുണിത്തരങ്ങൾ, ഇലക്ട്രോണിക് വാഹനങ്ങൾ, ടിവി, സിസിടിവി തുടങ്ങിയവ കൂടുതലും എത്തുന്നത് ചൈനയിൽ നിന്നാണ്.

വിയറ്റ്നാമിൽ നിന്ന് 3000 കോടി രൂപയുടെ ഇറക്കുമതി നടക്കുന്നുണ്ടെങ്കിലും അതും ചൈനയിൽ നിന്ന് വിയറ്റ്നാം വഴി എത്തുന്നവയാണ്. സര്‍ക്കാര്‍ ലൈസൻസ് നൽകിയില്ലെങ്കിൽ ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി നിൽക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്രം പറയുമ്പോഴും നീക്കം ചൈനക്കെതിരെ തന്നെയാണ്.

Related Articles

Latest Articles