പാറ്റ്ന: ബീഹാറിൽ എൻഡിഎ മുന്നണി വീണ്ടും ഭൂരിപക്ഷം നേടി അധികാരം നിലനിർത്തും. ഇതുസംബന്ധിച്ചു സർവ്വേ ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ബിഹാർ തെരഞ്ഞെടുപ്പിനെ ഒന്നാം ഘട്ടത്തിലെ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് സർവ്വേ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്.
ബിജെപി-ജെഡിയു സഖ്യം 147 സീറ്റ് നേടുമെന്ന് ടൈംസ് നൗ പ്രവചിച്ചപ്പോൾ, 139 മുതൽ 159 സീറ്റുകൾ വരെ എൻഡിഎ മുന്നണി നേടിയേക്കാമെന്നാണ് എ ബി പി സി വോട്ടർ സർവേ പ്രവചിച്ചത്. 77 സീറ്റുകൾ നേടി ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകും, ജെഡിയു 66 സീറ്റുകൾ വരെ നേടുമെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. മുന്നണിയിലെ മറ്റ് കക്ഷികൾ ഏഴ് സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്.
കോൺഗ്രസ്-ആർജെഡി സംയുക്ത മഹാസഖ്യത്തിന് 87 സീറ്റുകളും മറ്റുള്ളവ ഒമ്പത് സീറ്റുകൾ വീതവും നേടുമെന്നാണ് പ്രതിപക്ഷകക്ഷികൾക്കു ലഭിച്ചേക്കാവുന്ന സീറ്റ് നിലകളെക്കുറിച്ച് സർവ്വേ വെളിപ്പെടുത്തുന്നത്. അതേസമയം തേജസ്വി നയിക്കുന്ന ആർജെഡി, 60 സീറ്റുകൾ വരെ നേടാൻ സാധ്യത നിലനിൽക്കെ കോൺഗ്രസിന്റെ സ്വാധീനം കുറയാൻ സാധ്യതയുണ്ടെന്നും, 16 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും അഭിപ്രായ സർവ്വേയിൽ വ്യക്തമാകുന്നു.. മൂന്നു ഘട്ടമായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുക.

