ഡബ്ലിൻ: ഇന്ത്യക്കാരിയെയും രണ്ടു മക്കളെയും അയർലൻഡ് ബാലന്റീറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ കൊല്ലപ്പെട്ടതാണെന്നു സംശയമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ വ്യക്തത വരൂ എന്നാണ് അധികൃതരുടെ നിലപാട്.
ബെംഗളൂരുവിൽനിന്നുള്ള സീമ ബാനു (37), മകള്‍ അസ്‌ഫിറ റിസ (11), മകന്‍ ഫൈസാൻ സയീദ് (6) എന്നിവരാണു മരിച്ചത്. കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ലെന്നും ഉടൻ റിപ്പോർട്ട് കിട്ടുമെന്നും അയർലൻഡ് പൊലീസായ ഗാർഡ വൃത്തങ്ങൾ സൂചിപ്പിച്ചു.
‘ദുരൂഹം’ എന്ന വിഭാഗത്തിലാണു മൂന്നു പേരുടെയും മരണത്തെ പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീമയ്ക്കു ഭർത്താവിൽനിന്നു ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ആരോപണമുണ്ട്. ദിവസങ്ങൾക്കു മുൻപു നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഗാർഡ അറിയുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്

