Wednesday, December 24, 2025

ഇന്ത്യന്‍ റിഫൈനറികള്‍ക്ക് പ്രിയം റഷ്യൻ എണ്ണയോട് തന്നെ ! ട്രമ്പിന്റെ താരിഫ് ഭീഷണിക്കിടയിലും റഷ്യൻ എണ്ണ വാങ്ങുന്നതിന്റ തോത് കുത്തനെ ഉയർന്നതായി റിപ്പോർട്ട്

ദില്ലി : ട്രമ്പിന്റെ അധിക താരിഫ് ഭീഷണി നിലനിൽക്കുന്നതിടെയും ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റ തോത് ഓഗസ്റ്റില്‍ കുത്തനെ ഉയര്‍ന്നുവെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് ആദ്യ പകുതിയില്‍ പ്രതിദിനം ഇറക്കുമതി ചെയ്ത ഏകദേശം 52 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയില്‍ 38 ശതമാനവും റഷ്യയില്‍ നിന്നാണ്. ഓഗസ്റ്റ് മാസത്തിൽ 20 ലക്ഷം ബാരൽ എണ്ണയാണ് പ്രതിദിനം ഇന്ത്യൻ റിഫൈനറികൾ വാങ്ങിയിരിക്കുന്നത്. ജൂലൈ മാസത്തിൽ ഇത് പ്രതിദിനം 16 ലക്ഷം ബാരലായിരുന്നു .

റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ ഈ വര്‍ദ്ധനവ് ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്നത് കുറയാനും ഇടയാക്കി. ഇറാഖില്‍ നിന്നുള്ള ഇറക്കുമതി ജൂലായിലെ 9,07,000 ബാരലില്‍ നിന്ന് ഓഗസ്റ്റില്‍ 7,30,000 ബാരലായും സൗദി അറേബ്യയില്‍ നിന്നുള്ളത് കഴിഞ്ഞ മാസത്തെ 7,00,000 ബാരലില്‍ നിന്ന് 5,26,000 ബാരലായും കുറഞ്ഞു. അതേസമയം ട്രമ്പിന്റെ പ്രഖ്യാപനവും ഇന്ത്യയുടെ നയത്തിന്റെയും ഭാഗമായല്ല ഈ വർധനവെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു.

താരിഫുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിഫലനം സെപ്റ്റംബര്‍ അവസാനം മുതല്‍ ഒക്ടോബര്‍ വരെയുള്ള ചരക്കുകളുടെ വരവോടെ മാത്രമേ ദൃശ്യമാകൂവെന്ന് കെപ്ലറിലെ ലീഡ് റിസര്‍ച്ച് അനലിസ്റ്റ് സുമതി റിതോലിയ പറഞ്ഞു.അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി

Related Articles

Latest Articles