Monday, May 20, 2024
spot_img

ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ മുംബൈയിൽ നാളെ തുറക്കും; ദില്ലിയിലെ ഷോറൂം 20 ന്

ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിള്‍ സ്റ്റോര്‍ നാളെ മുംബൈ നഗരത്തിൽ പ്രവര്‍ത്തനമാരംഭിക്കും. ഇതിന് ശേഷം ഏപ്രില്‍ 20-ന് ദില്ലിയിൽ രണ്ടാമത്തെ ഔദ്യോഗിക ആപ്പിള്‍ സ്‌റ്റോറും തുറക്കും. ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം കുത്തനെ ഉയർന്നതും ഇന്ത്യ കമ്പനിയുടെ പ്രധാനമാര്‍ക്കറ്റായി മാറുമെന്നുള്ള ദീര്‍ഘവീക്ഷണവുമാണ് കമ്പനി ഇന്ത്യയിലെത്തി 25 വർഷങ്ങൾക്കിപ്പുറമുള്ള തീരുമാനത്തിന് പിന്നിലുള്ളത്.

മുംബൈയിലെ ബികെസി ആപ്പിള്‍ സ്റ്റോര്‍ വ്യത്യസ്തവും ആകര്‍ഷകവുമായ ഗ്ലാസ് ‘ഔട്ട് ലുക്ക്‌’ ആണ് നല്‍കിയിരിക്കുന്നത്. സ്റ്റോറിന്റെ പുറംചുമരുകള്‍ എല്ലാം ഗ്ലാസ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഉയരമുള്ള സീലിങ്ങും തൂണുകളുമുള്ള വിശാലമായ സ്റ്റോറിനുള്ളില്‍ സമാന്തരമായി ഡെസ്‌ക്കുകള്‍ ക്രമീകരിച്ചിട്ടുണ്ട് . ഐ ഫോണ്‍ ആക്‌സസറികള്‍, മാക് ലാപ്‌ടോപുകള്‍, ഡെസ്‌ക്ടോപുകള്‍, മറ്റ് ആപ്പിള്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കായി മുകള്‍നിലയില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹോം പാഡിനും ആപ്പിള്‍ ടിവി പ്ലസിനുമായി പ്രത്യേക വിഭാഗമുണ്ട്.

ലോകത്തിലെ ഏറ്റവും കുറവ് ഊര്‍ജഉപഭോഗം സാധ്യമാകുന്ന ആപ്പിള്‍ സ്റ്റോറാണ് ബികെസി എന്നാണ് റിപ്പോര്‍ട്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം തീരെയില്ലാത്ത, നൂറ് ശതമാനം ഊര്‍ജപുനരുപയോഗവും ബികെസിയില്‍ സാധ്യമാകും.

മുംബൈയിലെ തിരക്കേറിയ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സ്റ്റോറില്‍ 100 ജീവനക്കാർ ജോലിചെയ്യും. ഇരുപത് ഭാഷകളില്‍ ഈ സ്റ്റോറിലുള്ള ജീവനക്കാരുമായി ആശയവിനിമയം നടത്താനാകും.

Related Articles

Latest Articles