ദില്ലി : ബ്രഹ്മപുത്ര നദിക്ക് കുറുകെ, അരുണാചൽ പ്രദേശിലെ ദിബാങ് ജില്ലയിൽ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 278 മീറ്റർ ഉയരമുള്ള ഈ അണക്കെട്ട് പൂർത്തിയാകുന്നതോടെ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് എന്ന റെക്കോർഡ് ഇതിന് സ്വന്തമാകും. 2880 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC) ആണ് ഈ മെഗാ പദ്ധതിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ മൊത്തം എസ്റ്റിമേറ്റ് തുക 17,069 കോടി രൂപയാണ്. ഇതിനായുള്ള ആഗോള ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 2032-ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ടിബറ്റില്‍ ‘യാർലുങ് സാങ്‌പോ’ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെ ചൈന നിര്‍മ്മിക്കുന്ന അണക്കെട്ടുകൾ നിർമ്മിക്കുന്ന സാഹചര്യത്തിൽ ഈ പദ്ധതിക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്. ബ്രഹ്‌മപുത്രയുടെ ദിശ മാറ്റാനും അണക്കെട്ടുകൾ വഴി ജലപ്രവാഹം നിയന്ത്രിക്കാനും ചൈന ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ ഇന്ത്യ ആരോപിച്ചിരുന്നു. ചൈനീസ് ഭാഗത്തുള്ള അണക്കെട്ടുകളിൽ നിന്ന് അമിതമായി തുറന്നുവിടുന്ന ജലം നിയന്ത്രിക്കാനും അതുവഴി താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം ഒഴിവാക്കാനും ദിബാങ് അണക്കെട്ട് സഹായിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടാതെ, അണക്കെട്ട് വഴിയുള്ള ജലനിയന്ത്രണം ഭാരതത്തിന് ജലസുരക്ഷ ഉറപ്പാക്കാനും കാർഷിക മേഖലയ്ക്ക് കൂടുതൽ ജലം ലഭ്യമാക്കാനും സഹായകമാകും. വൈദ്യുതി ഉത്പാദനത്തിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനും ഇത് ഉപകരിക്കും.

