അമേരിക്കയുടെ ബഹിരാകാശ സേനാവ്യൂഹത്തെ നയിക്കാന്‍ വ്യോമസേനാ ജനറല്‍ ജോണ്‍ ജെ. റെയ്മണ്ടിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തതിന്റെ പിറ്റേന്നാണ് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചവിവരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് വളരെമുമ്പേ ഉപഗ്രഹവേധ ആയുധങ്ങള്‍ വിജയകരമായി പരീക്ഷിച്ച രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും. ശീതയുദ്ധത്തിന്റെ പരിണതഫലമായിരുന്നു ഈ പരീക്ഷണങ്ങള്‍. ബഹിരാകാശ ശക്തിയാകാനുള്ള മത്സരത്തിനിറങ്ങിയ ചൈനയും കഴിഞ്ഞ പതിറ്റാണ്ടില്‍ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

