Friday, December 12, 2025

ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോർഡ് വിപണി വിഹിതം നേടി ഇൻഡിഗോ; കണക്കുകൾ പുറത്ത്

ദില്ലി: ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോർഡ് വിപണി വിഹിതം നേടി രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സിവിൽ ഏവിയേഷൻ വ്യവസായത്തിൽ കഴിഞ്ഞ മെയ് മാസം 61.4 ശതമാനം റെക്കോർഡ് വിപണി വിഹിതമാണ് നേടിയത്. തുടർച്ചയായ രണ്ടാം തവണയാണ് ഇൻഡിഗോ 60 ശതമാനത്തിനു മുകളിൽ വിപണി സ്വന്തമാക്കുന്നത്. 2020 ജൂലൈ മാസത്തിലാണ് ഇതിന് മുൻപ് 60.4 ശതമാനം വിപണി വിഹിതം നേടിയത്.

കഴിഞ്ഞ 16 വർഷത്തിനിടയിലുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് ഷെയറാണ് ഇത്തവണ ഇൻഡിഗോ നേടിയിരിക്കുന്നത്. പ്രമുഖ ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് കഴിഞ്ഞ മാസം മുതൽ പ്രവർത്തനം നിർത്തിയിരുന്നു. ഇതോടെയാണ് വിപണി വിഹിതം കുത്തനെ ഉയർന്നത്. ഇൻഡിഗോയുടെ പ്രധാന എതിരാളി കൂടിയായിരുന്നു ഗോ ഫസ്റ്റ്. മെയ് മാസത്തിൽ ഇന്ത്യൻ എയർലൈനുകൾ 90 ശതമാനം കപ്പാസിറ്റി വിനിയോഗിക്കാൻ ശ്രമിച്ചിരുന്നു. ഇൻഡിഗോ 91.5 ശതമാനമാണ് മെയ് മാസത്തിൽ വിനിയോഗിച്ചത്. മെയ് മാസത്തിൽ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 13.2 ദശലക്ഷമാണ്. ആഭ്യന്തര വിമാന ഗതാഗതം മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലും, ഏപ്രിലിനെ അപേക്ഷിച്ച് 2 ശതമാനവുമാണ് കൂടുതൽ.

Related Articles

Latest Articles