Saturday, January 10, 2026

ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ്’ വാഷിങ്ടണില്‍ പുരോഗമിക്കുന്നു

വാഷിംഗ്ടൺ: ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ്‘ അമേരിക്കയിലെ ലൂയി മക്കോർഡ് സൈനിക ബേസിൽ പുരോഗമിക്കുന്നു. സൈനികാഭ്യാസത്തിനിടെ ആസാം റെജിമെന്‍റിന്‍റെ മാർച്ചിംഗ് ഗാനം ഏറ്റുപാടുന്ന അമേരിക്കൻ സൈനികരുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

‘ബദ്ലൂറാം കാ ബദൻ സമീൻ കെ നീച്ചെ ഹെ‘ എന്ന് തുടങ്ങുന്ന ഗാനം ഇന്ത്യൻ സൈനികർ ആലപിക്കുകയും അതിന് കൈയ്യടിച്ച് താളമിട്ട് ഏറ്റുപാടുകയും ചെയ്യുന്ന അമേരിക്കൻ സൈനികരുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെതിരെ പടപൊരുതി വീരമൃത്യു വരിച്ച ബദ്ലൂറാം എന്ന ഇന്ത്യൻ സൈനികന്‍റെ കഥ പറയുന്ന ഗാനമാണ് ബദ്ലൂറാം കാ ബദൻ. യുദ്ധത്തിൽ ബദ്ലൂറാം കൊല്ലപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ മരണം സൈനിക നേതൃത്വത്തെ അറിയിക്കാൻ ഒരു ഉദ്യോഗസ്ഥൻ വിട്ടു പോയി. അതിനാൽ സൈനിക യൂണിറ്റിലേക്ക് ബദ്ലൂറാമിന്‍റെ റേഷൻ മുടങ്ങാതെ എത്തിക്കൊണ്ടിരുന്നു. അധികമായി ലഭിച്ചു കൊണ്ടിരുന്ന ഈ റേഷൻ യുദ്ധത്തിലെ തുടർന്നുള്ള ദിവസങ്ങളെ അതിജീവിക്കാൻ ഇന്ത്യൻ സൈനികരെ പ്രാപ്തരാക്കി. ഈ കഥ ഇതിവൃത്തമാക്കിയുള്ള ഗാനം സംഗീതാത്മകവും അർത്ഥ സമ്പൂർണ്ണവും ആവേശകരവുമാണെന്ന് സൈനികർ അഭിപ്രായപ്പെടുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിൽ നിലവിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമാണ് വാഷിംഗ്ടണിൽ നടക്കുന്ന സംയുക്ത സൈനിക അഭ്യാസം. സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച സൈനിക അഭ്യാസം സെപ്റ്റംബർ 18 വരെ തുടരും.ഇരു രാജ്യങ്ങളിലെയും സൈനികർക്ക് ബറ്റാലിയൻ തലത്തിലും ബ്രിഗേഡ് തലത്തിലും സംയുക്തമായ ആസൂത്രണത്തിലൂടെ സമഗ്ര പരിശീലനം ലഭ്യമാക്കുകയാണ് യുദ്ധ് അഭ്യാസിന്‍റെ ലക്ഷ്യം.

Related Articles

Latest Articles