ദുബായ് വിമാനത്താവളത്തില്‍ നടത്തിയ ബാഗ് പരിശോധനയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പരിശോധനയ്ക്കിടെ ബാഗ് തുറന്നപ്പോള്‍ കണ്ടത് അഞ്ച് മാസം പ്രായമുള്ള കുരുന്നിനെയാണ്. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ദുബായിലേക്ക് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ കണ്ടെത്തിയത്. ബാഗിന്‍റെ സിബ് ചെറുതായി തുറന്ന നിലയിലായിരുന്നു. കുഞ്ഞിന് ശ്വാസം കിട്ടാനാകാം ഇങ്ങനെ ചെയ്തതെന്നാണ് സൂചന. പ്ലാസ്റ്റിക് ബാഗുകള്‍ക്കും ഗ്ലാസുകള്‍ക്കും നടുവിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്.
ഐ പി എസ് ഉദ്യോഗസ്ഥന്‍ എച്ച് ജി എസ് ധാലിവാലാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചത്. കുഞ്ഞ് സുരക്ഷിതനാണെന്ന് ട്വീറ്റില്‍ പറയുന്നു. കറാച്ചിയില്‍ നിന്നുള്ള യാത്രയ്ക്കിടെയുള്ള രാജ്യങ്ങളുടെ സുരക്ഷാസംവിധാനങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുകയാണ് ഇപ്പോള്‍. കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.

