തിരുവനന്തപുരം: ഇൻസ്റ്റാ ഇൻഫ്ലുൻസറായ 18 കാരിയുടെ മരണത്തിൽ അവ്യക്തത തുടരുന്നു. അന്വേഷണത്തിന് സൈബർ ടീമിനെ രൂപീകരിച്ചിരിക്കുകയാണ് പോലീസ്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ, സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ തുടങ്ങിയവ വിശദമായി പരിശോധിക്കാനാണ് സൈബർ ടീം രൂപീകരിച്ചിരിക്കുന്നത്. അതേസമയം പെൺകുട്ടിയുടെ സുഹൃത്തായ നെടുമങ്ങാട് സ്വാദേശിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പൂജപ്പുര സ്റ്റേഷനിൽ എത്തിച്ചാണ് മൊഴിയെടുക്കൽ. സുഹൃത്തും ഇൻസ്റ്റാ ഇൻഫ്ളുവന്സറാണ്.
പെൺകുട്ടിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നു എന്ന് തന്നെയാണ് ബന്ധുക്കൾ പറയുന്നത്. പക്ഷെ കുട്ടിയുടെ മരണത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ല. ചില കാര്യങ്ങളിൽ അൽപ്പംകൂടി വ്യക്തത വരാനുണ്ടെന്നും അതിന് ശേഷം പരാതി നൽകുമെന്നുതന്നെയാണ് അവർ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം തൃക്കാണ്ണാപുരം സ്വദേശിനിയായ പെൺകുട്ടി വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു മരണം. ആശുപത്രി അധികൃതരുടെ അറിയിപ്പിനെ തുടർന്ന് എത്തിയ പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ അതിന് സാധിച്ചിരുന്നില്ല. ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിക്ക് ഒരു ലക്ഷത്തിലധികം ഫോളോവെഴ്‌സ് ഉണ്ടായിരുന്നു.

