Tuesday, May 14, 2024
spot_img

ആലപ്പുഴയിലെ അർദ്ധരാത്രിയിലെ പോപ്പുലർ ഫ്രണ്ടിന്റെ കൊലവിളി പ്രകടനം; അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

കൊച്ചി: അർദ്ധരാത്രിയിലെ പോപ്പുലർ ഫ്രണ്ടിന്റെ (Popular Front Protest In Alappuzha) പ്രകടനത്തിൽ അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ ഏജൻസികൾ. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് കെ.എസ് ഷാനിനെ അജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് എറണാകുളത്തും ആലുവയിലും പ്രകടനം നടന്നത്. ഈ പ്രകടനത്തിൽ പങ്കെടുത്തവരെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. കൊലപാതകം നടന്ന മണിക്കൂറുകൾക്കുള്ളിലാണ് നൂറു കണക്കിന് പേരെ പങ്കെടുപ്പിച്ചു കൊണ്ട് പോപ്പുലർഫ്രണ്ട് കൊലവിളി പ്രകടനം നടത്തിയത്.

അതേസമയം അർദ്ധരാത്രിയിൽ നടന്ന പ്രകടനത്തിൽ ഇത്രയധികം പേർ മിനിറ്റുകൾക്കകം എത്തിയതിനെക്കുറിച്ചാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും നഗരത്തിലെ പ്രമുഖ മാളിലെ ജീവനക്കാർ ആണെന്നാണ് വിവരം. മലപ്പുറം,കൊല്ലം,പത്തനംതിട്ട തുടങ്ങി വിവിധ ജില്ലകളിൽ നിന്നും എത്തിയ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് മാളിലും, അനുബന്ധ ജോലിയിലും ഏർപ്പെട്ടിരിക്കുന്നത്. എറണാകുളം സൗത്ത് മുതൽ ആലുവ വരെ ഹൈവേകളിൽ വഴിയോര തട്ടുകട നടത്തുന്ന ചിലരും പ്രകടനത്തിൽ പങ്കെടുത്തതായി ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്.

മാളിലെ ജീവനക്കാരെയും വഴിയോര കച്ചവടക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. മാളുകൾ തീവ്രവാദ സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു ക്രിമിനൽ കേസുകളിൽ പ്രതിയായവർ പലരും തട്ടുകട ജോലിയിൽ ഏർപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഷോപ്പിംഗ് കോംപ്ലക്സുകൾ,മൊബൈൽ സർവീസ് സെന്ററുകൾ, പച്ചക്കറി-പഴം മാർക്കറ്റുകൾ, ‘ഫ്രഷ് -ഫിഷ്’ഷോപ്പുകൾ,ഫുട്ബോൾ ടർഫുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടക്കുന്നതായി രഹസ്യാനേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. അതേസമയം പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാളിൽ ജോലി ചെയ്യുന്ന നിരവധി പേർ കൂട്ടത്തോടെ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ എത്തിയത് അതീവ ഗൗരവമായാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.

Related Articles

Latest Articles