ഹൈദരാബാദ്: തന്റെ ഇഷ്ടതാരമായ മെഗാസ്റ്റാർ ചിരഞ്ജീവിയെ കാണാൻ 300 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെത്തി ഒരു ആരാധിക. ഈ അപൂർവ്വ സംഭവം സിനിമാലോകത്തും സമൂഹമാദ്ധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. പശ്ചിമ ഗോദാവരി ജില്ലയിലെ ചാഗല്ലു സ്വദേശിനിയായ രാജേശ്വരിയാണ് തന്റെ പ്രിയതാരത്തെ നേരിൽ കാണാൻ ഈ സാഹസിക യാത്ര നടത്തിയത്.
വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ തന്റെ വീട്ടിലെത്തിയ രാജേശ്വരിയെ ആരാധികയെ ചിരഞ്ജീവി നേരിൽ കണ്ട് അഭിനന്ദിച്ചു. താരത്തെ കണ്ടപ്പോൾ രാജേശ്വരി സന്തോഷം കൊണ്ട് വിതുമ്പി. യാത്രയെക്കുറിച്ചും ചിരഞ്ജീവിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും അവർ വാചാലയായി. താരത്തെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അവർ അറിയിച്ചു. രാജേശ്വരിയെ അഭിനന്ദിക്കുകയും യാത്രയുടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്ത ചിരഞ്ജീവി, അവർക്ക് തന്റെ ഔദ്യോഗിക ഫാൻസ് അസോസിയേഷൻ മെമ്പർഷിപ്പ് കാർഡ് നൽകി ആദരിച്ചു. ചിരഞ്ജീവിയുടെ കയ്യിൽ രാഖി കെട്ടി സന്തോഷം അറിയിച്ച രാജേശ്വരിക്ക്, തന്റെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി പട്ടുസാരിയാണ് ചിരഞ്ചീവി സമ്മാനം ആയി നൽകിയത്
ചിരഞ്ജീവിയുടെ കടുത്ത ആരാധികയായ രാജേശ്വരി, അദ്ദേഹത്തിന്റെ പുതിയ സിനിമയായ ‘വിശ്വംഭര’യുടെ ഷൂട്ടിംഗ് സ്ഥലത്തേക്ക് വരാനിരുന്നതാണ്. എന്നാൽ, ഷൂട്ടിംഗ് മാറ്റിവച്ചതിനാൽ താരത്തെ കാണാൻ സാധിച്ചില്ല. തുടർന്ന്, ഹൈദരാബാദിലെ വസതിയിൽ ചെന്ന് കാണാൻ തീരുമാനിക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി നടന്ന ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഈ സംഭവം ചിരഞ്ജീവിയുടെ ആരാധകർക്കിടയിലും ആവേശമുണ്ടാക്കി. ഒരു സൂപ്പർതാരത്തോടുള്ള ആരാധനയുടെ ആഴം എത്രത്തോളമുണ്ടെന്ന് ഈ സംഭവം കാണിച്ചുതരുന്നു. ആരാധകരുടെ സ്നേഹമാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ശക്തിയെന്ന് ചിരഞ്ജീവി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ സംഭവം, സിനിമാലോകത്തെ താരങ്ങളും ആരാധകരും തമ്മിലുള്ള വൈകാരിക ബന്ധം എത്രത്തോളം വലുതാണെന്ന് അടിവരയിടുന്നു.

