Tuesday, December 16, 2025

അല്ലു അർജുന് ഇടക്കാല ജാമ്യം ! ഉത്തരവ് തെലങ്കാന ഹൈക്കോടതിയുടേത് ; നടനെതിരായ കുറ്റം നിലനിൽക്കില്ലെന്ന് നിരീക്ഷണം

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയുടേതാണ് നടപടി. കേസില്‍ നേരത്തെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. കുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇന്നുച്ചയോടെ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ നടന്റെ വസതിയിലെത്തിയാണ് ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘം നടന്റെ\ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് സ്റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടെങ്കിലും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ജാമ്യഹര്‍ജിയും ഹൈക്കോടതി ഉടന്‍ പരിഗണിക്കാനിരിക്കുന്നതിനാല്‍ നടനെ ജയിലിലേക്ക് മാറ്റിയിരുന്നില്ല.

ഡിസംബര്‍ നാല് ബുധനാഴ്ച രാത്രി 11 മണിക്ക് പ്രീമിയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 35-കാരിയായ രേവതിക്ക് ജീവന്‍ നഷ്ടമായത്. ഇവരുടെ മകനും സംഭവത്തില്‍ പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ തിയേറ്ററില്‍ എത്തുന്ന വിവരം വൈകിയാണ് പോലീസിനെ അറിയിച്ചതെന്നാണ് ആരോപണം.

കേസില്‍ അറസ്റ്റ് ഉള്‍പ്പടെ തനിക്കെതിരെയുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചിരിന്നത്. എന്നാല്‍, കേസ് പരിഗണിക്കുന്നതിന് മുമ്പുതന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ബിഎന്‍സ് സെക്ഷന്‍ 105, 118 (1) എന്നീ കുറ്റങ്ങൾ ചുമത്തി അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിനും തിയ്യേറ്റര്‍ ഉടമകള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയുടെ മരണവാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയ അല്ലു അര്‍ജുന്‍ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Articles

Latest Articles