രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടന്‍ ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ആറ് മാസങ്ങൾക്ക് ശേഷമാണ് ദർശന് ജാമ്യം ലഭിക്കുന്നത്. നിലവിൽ ചികിത്സയ്ക്കായി ഇടക്കാല ജാമ്യത്തിലാണ് ദര്‍ശന്‍. ദർശന് പുറമെ കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡയ്ക്കും മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
നേരത്തെ ആറ് ആഴ്ചത്തേക്കായിരുന്നു ദർശന് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇതിനെ തുടർന്ന് 131 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ദര്‍ശന്‍ പുറത്തിറങ്ങിയത്. ആദ്യം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും തുടര്‍ന്ന് ബല്ലാരി ജയിലിലുമായിരുന്നു ദര്‍ശന്‍.
പവിത്രയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചതിന് തന്റെ ആരാധകനായ രേണുകാസ്വാമിയെ ദര്‍ശനും കൂട്ടുപ്രതികളുംചേര്‍ന്ന് ബെംഗളൂരുവിലെത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി അഴുക്ക് ചാലിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്. ദര്‍ശനും പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പ്രതികളാണ് കേസിലുള്ളത്. കേസിലെ ഒന്നാംപ്രതിയാണ് പവിത്ര.

