ഒട്ടാവ : കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ ആഭ്യന്തര കലാപം. ഈ മാസം 28 നകം ട്രൂഡോ രാജിവെക്കണമെന്ന് ലിബറല്‍ പാര്‍ട്ടിയിലെ വിമത എം.പിമാര്‍ അന്ത്യശാസനം നല്‍കി. ഇക്കാര്യം ചർച്ച ചെയ്യാനായി മാത്രം ലിബറല്‍ എം.പിമാര്‍ പാര്‍ലമെന്റ് ഹില്ലില്‍ യോഗം ചേര്‍ന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍ വാര്‍ത്തകളെ തള്ളുകയാണ് ട്രൂഡോ.
153 ലിബറല്‍ പാര്‍ട്ടി എം.പിമാരാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഉള്ളത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും വലിയ സമ്മര്‍ദ്ദം നേരിടുകയാണ് ട്രൂഡോ. ലിബറല്‍ പാര്‍ട്ടിയിലെ വിമത എം.പിമാര്‍ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത് ട്രൂഡോയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ലിബറല്‍ നേതൃസ്ഥാനത്തുനിന്നും ട്രൂഡോയെ നീക്കം ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് 24 എം. പിമാര്‍ ഒപ്പുവെച്ച നിവേദനം തയ്യാറായി എന്നാണ് റേഡിയോ കാനഡ റിപ്പോര്‍ട്ടുചെയ്യുന്നത്.
വിയോജിപ്പുകള്‍ നേരിട്ട് ട്രൂഡോയെ അറിയിക്കുകയും ശബ്ദമുയര്‍ത്തി പ്രതിഷധിക്കുകയും ചെയ്തത ലിബറല്‍ പാര്‍ട്ടി എം.പിമാരെ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി മാക് മില്ലര്‍ അഭിനന്ദിച്ചു. ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പാര്‍ലമെന്റില്‍ വെച്ച് ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ട്രൂഡോ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ വിയോജിപ്പുകള്‍ ഉണ്ടാവുകയും ട്രൂഡോയ്‌ക്കെതിരെ വിമർശനവുമുയർന്നു. ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതുവരെ പ്രശ്നങ്ങൾ നീണ്ടു. ഒടുവില്‍ കൃത്യമായ തെളിവില്ലായിരുന്നുവെന്നും ഇന്റിലജന്‍സ് വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും ട്രൂഡോ നിലപാട് തിരുത്തേണ്ടി വന്നു.

