Tuesday, December 23, 2025

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പുപറയാമെന്ന് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക

ലണ്ടന്‍: ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. 100 വര്‍ഷം മുമ്പ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍വാലാബാഗില്‍ നടന്ന കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പ് പറയാമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.

1919ലാണ് പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍ സമാധാനപരമായി യോഗം ചേര്‍ന്നവര്‍ക്കുനേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ത്തത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ 100ാം വാര്‍ഷികം ഇന്ത്യ ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മാപ്പപേക്ഷിക്കാമെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നത്.

നേരത്തെ, പ്രധാനമന്ത്രി തെരേസ മേ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍അഗാധയമായ ദു:ഖം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മാപ്പ് പറയാന്‍ അവര്‍ തയ്യാറായില്ല. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യമാണ്. 107 പേജുള്ള പ്രകടനപത്രികയില്‍ നിരവധി വാഗ്ദാനങ്ങളാണ് ജെറമി കോര്‍ബിന്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി നല്‍കുന്നത്.

കോളോണിയല്‍ ഭരണകാലത്ത് സംഭവിച്ച അനീതികള്‍ അന്വേഷിക്കാനായി ജഡ്ജിംഗ് കമ്മിറ്റിയെ നിയോഗിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരുടെയും കുടിയേറ്റക്കാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ താല്‍പര്യ വിഷയങ്ങള്‍ക്ക് ലേബര്‍പാര്‍ട്ടി മുന്‍ഗണന നല്‍കിയത്. ഡിസംബര്‍ 12നാണ് ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ്.

Related Articles

Latest Articles