ഐപിഎല്ലിലെ അഞ്ചാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് ആറ് വിക്കറ്റ് ജയം. ജയിക്കാൻ വേണ്ടിയിരുന്ന 148 റൺസ് അവസാന ഓവറിൽ രണ്ട് പന്ത് ബാക്കി നിൽക്കേ ചെന്നൈ മറികടന്നു. പുറത്താവാതെ, 32 റൺസ് നേടിയ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ആയിരുന്നു ചെന്നൈയുടെ വിജയശില്പി. നാല് റൺസ് നേടിയ ബ്രാവോ ആണ് വിജയറൺസ് നേടിയത്. ചെന്നൈക്കായി ഷെയ്ൻ വാട്സൺ 44 റൺസും, സുരേഷ് റെയ്ന 30 റൺസും നേടി. വാട്സനാണ് മാൻ ഓഫ് ദ മാച്ച് ആയത്.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ ചെന്നൈയുടെ വിൻഡീസ് താരം, ഡ്വെയിൻ ബ്രാവോയുടെ ഉജ്ജ്വല ബൗളിംഗ് ആണ് നല്ല രീതിയിൽ മുന്നേറിയ ദൽഹി ക്യാപ്പിറ്റൽസിന്റ്റെ റണ്ണൊഴുക്ക് തടഞ്ഞത്. തന്റെ ആദ്യ ഓവറിൽ പതിനേഴ് റൺസ് വിട്ടു കൊടുത്ത ബ്രാവോ, തൊട്ടടുത്ത ഓവറിൽ മികച്ച ഫോമിൽ കളിച്ചിരുന്ന ഋഷഭ് പന്തിനേയും, ഇൻഗ്രാമിനേയും പുറത്താക്കി. ഇതോടെ ഒഴുക്ക് നഷ്ടമായ ദൽഹിയുടെ സ്റ്റാർ ബാറ്റ്സ്മാൻ ശിഖർ ധവാൻ കൂടി ബ്രാവോയുടെ മൂന്നാം ഓവറിൽ വീണതോടെ ദൽഹിയുടെ സ്ക്കോർ 148-ൽ ഒതുങ്ങിയത്. ദൽഹിക്കായി ശിഖിർ ധവാൻ നാല്പത്തിയേഴ് പന്തിൽ 51 റൺസ് നേടി.

