ടെൽ അവീവ്: ഇസ്രായേലിനു നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ. മിസൈലാക്രമണത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും നിരവധിപേർ മരിച്ചതായും സൂചനയുണ്ട്. നേരത്തെ ആക്രമണ സാധ്യതയുണ്ടെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നാനൂറോളം മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ ഗൗരവം ഇറാൻ മനസിലാക്കണമെന്നും തിരിച്ചടി നേരിടാൻ ഒരുങ്ങാനും ഇസ്രായേൽ ഇറാന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇറാനെതിരെയുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് അമേരിക്കയും അറിയിച്ചു. വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഇസ്രായേൽ സൈന്യത്തോടൊപ്പം ചേരാൻ ഇസ്രയേലിലുള്ള അമേരിക്കൻ സൈന്യത്തിന് നിർദ്ദേശമെത്തിക്കഴിഞ്ഞു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്.
ജനങ്ങളോട് ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നുമാണ് ഇസ്രായേൽ പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറൺ മുഴങ്ങുകയാണ്. നിരവധി ഇന്ത്യക്കാരുള്ള രാജ്യമാണ് ഇസ്രായേൽ. ഇന്ത്യക്കാരോട് സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദില്ലിയിൽ അടിയന്തരയോഗം ചേർന്നതായാണ് സൂചന. ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കും.
ഹിസ്ബുള്ള തലവന്റെ കൊലപാതകത്തിന് പ്രതികാരമാണ് ആക്രമണമെന്ന് ഇറാൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ ആക്രമണ സൂചന നൽകിയിരുന്നു. ഇറാൻ പരമോന്നത നേതാവടക്കം ഉന്നത നേതാക്കൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയതിന് ശേഷമായിരുന്നു ആക്രമണം. അതേസമയം ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇറാനുമായി അമേരിക്ക നേരിട്ടുള്ള യുദ്ധത്തിന് തയാറായേക്കുമെന്നാണ് സൂചന. സംഘർഷം മൂർച്ഛിച്ചതിൽ ഇന്ത്യ ആശങ്ക അറിയിച്ചു.

