Tuesday, December 23, 2025

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുക എസ് എഫ് ഐ നേതാവിന്റെ സ്ഥിരം പണി? കെ വിദ്യ കരിന്തളം കോളേജിൽ ഹാജരാക്കിയതും വ്യാജ സർട്ടിഫിക്കറ്റ് ?; രേഖയുടെ സാധുത ആരാഞ്ഞ് കോളേജ് അധികൃതർ

കാസർഗോഡ് : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പെട്ട എസ്എഫ്ഐ നേതാവ് തൃക്കരിപ്പൂരിലെ കെ.വിദ്യ, കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലും താൽക്കാലികാദ്ധ്യാപികയായി ജോലി ചെയ്ത സാഹചര്യത്തിൽ, ഇവിടെ ഹാജരാക്കിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ സാധുത കോളജ് അധികൃതർ മഹാരാജാസ് കോളേജിനോട് ആരാഞ്ഞു.

2022 ജൂൺ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലാണ് കെ.വിദ്യ ഇവിടെ താൽക്കാലികാദ്ധ്യാപികയായി ജോലി ചെയ്തിരുന്നത്. എറണാകുളം മഹാരാജാസ് കോളജിൽ താൽക്കാലികാദ്ധ്യാപികയായി ജോലി ചെയ്തിരുന്നുവെന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തന്നെയാണ് കരിന്തളത്തും ഹാജരാക്കിയിരുന്നത്. ഇതേ സർട്ടിഫിക്കറ്റാന്റെ സാധുത ആരാഞ്ഞാണ് ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം വഴി ഓൺലൈൻ ആയി മഹാരാജാസ് കോളജിലേക്ക് അയച്ചത്.

ഇന്നു രാവിലെ കോളജിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് ഈ തീരുമാനമെടുത്തത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും കോളജ് പ്രിൻസിപ്പലിനും പരാതി നൽകി.

കരിന്തളം ഗവ.കോളജിൽ താൽക്കാലികാദ്ധ്യാപികയായി ചെയ്യവേ ഇവർ സർവകലാശാല മൂല്യ നിർണയ ക്യാംപുകളിലും പങ്കെടുത്തതായി വിവരമുണ്ട്. യോഗ്യതാ സർട്ടിഫിക്കറ്റ് വിഷയത്തിൽ മഹാരാജാസ് അധികൃതരുടെ മറുപടി ലഭിച്ചാൽ ആവശ്യമായ തുടർ നടപടികൾക്കൊരുങ്ങുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് പറഞ്ഞു.

Related Articles

Latest Articles