Thursday, May 16, 2024
spot_img

കടം പറഞ്ഞ ഓട്ടോക്കൂലി 100 മടങ്ങായി മടക്കി നൽകി; 30 വർഷത്തിന് ശേഷം ഓട്ടോ ഡ്രൈവറെ തേടി കണ്ടെത്തി തുക നൽകിയത് തിരുവനന്തപുരം സ്വദേശി

കോലഞ്ചേരി : ഓട്ടോ കൂലിയായ 100 രൂപ പിന്നെത്തരാമെന്നു പറഞ്ഞു പോയ യാത്രക്കാരൻ ഡ്രൈവറിന് ഓട്ടോക്കൂലി നൽകി. എന്നാൽ യാത്രക്കാരൻ പോയതിനും കൊടുത്തതിനുമിടയിൽ ഒരു മുപ്പത് വർഷത്തിന്റെ ഇടവേള വന്നു എന്നതാണ് രസകരം. തേടിപ്പിടിച്ചെത്തി നൽകിയ ഓട്ടോ കൂലിക്കും പ്രത്യേകതയുണ്ട്. അന്ന് കടം പറഞ്ഞതിന്റെ 100 മടങ്ങ് അതായത് 10000 രൂപയാണ് കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിന് അന്നത്തെ യാത്രക്കാരൻ സ്നേഹസമ്മാനമായി നൽകിയത്.

ഇന്നലെ ബാബുവിന്റെ വീട്ടിലെത്തിയ എസ്.ആർ. അജിത് എന്നയാൾ താൻ 1993ൽ മൂവാറ്റുപുഴ – പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യിൽ പണമില്ലാത്തതിനാൽ കൂലി പിന്നെ തരാമെന്നും പറഞ്ഞതും ഓർമയുണ്ടോയെന്നും ചോദിച്ചത്. ആദ്യം ഒന്ന് പകച്ചെങ്കിലും ബാബു ഓർമയിൽ നിന്നു സംഭവം ചികഞ്ഞെടുത്തത്.

ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. യാത്രാസൗകര്യം ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്ന അക്കാലത്ത് തിരികെ പോകാൻ മൂവാറ്റുപുഴയിലേക്കു ബസ് കിട്ടിയില്ല. കയ്യിലാണെങ്കിൽ ബസ് കൂലി മാത്രവും. അതിനാലാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. ഏറെ നാളത്തെ അന്വേഷണങ്ങൾക്കു ശേഷമാണു ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം നൽകാൻ വൈകിയതെന്നും അജിത് പറഞ്ഞു.

Related Articles

Latest Articles