ബെംഗളൂരു: ആത്മഹത്യസന്ദേശമടങ്ങുന്ന ശബ്ദരേഖ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് അയച്ച ബെംഗളൂരുവിലെ നിക്ഷേപ പദ്ധതി നടത്തിയ ഇസ്‌ലാമിക് ബാങ്കിംഗ് സ്ഥാപന ഉടമ സ്ഥാപനം പൂട്ടി മുങ്ങി. വിവരം പുറത്തായതോടെ, ഇയാള്‍ നടത്തിയിരുന്ന നിക്ഷേപ പദ്ധതിയില്‍ പണമിട്ട നൂറുകണക്കിനുപേര്‍ ജൂവലറിക്കുമുന്നില്‍ തടിച്ചുകൂടി.

ഇസ്‌ലാമിക് ബാങ്കിംഗിന്റെ നിയന്ത്രണത്തില്‍ നടത്തിയിരുന്ന ബെംഗളൂരുവിലെ ഐഎംഎ ജൂവലറി മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ മുഹമ്മദ് മന്‍സൂര്‍ ഖാനെയാണ് കാണാതായത്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് തിരച്ചില്‍ നോട്ടീസ് നല്‍കി. മന്‍സൂര്‍ ഖാന്‍ ആത്മഹത്യചെയ്തതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ലാഭം വാഗ്ദാനംചെയ്ത നിക്ഷേപ പദ്ധതിയില്‍ ആയിരക്കണക്കിനുപേര്‍ പണം നിക്ഷേപിച്ചെന്നും ഇതിലൂടെ ജൂവലറിയുടമ കോടികള്‍ ശേഖരിച്ചെന്നുമാണ് വിവരം. ശബ്ദരേഖ പുറത്തായതോടെ രണ്ടായിരത്തോളംപേര്‍ പോലീസില്‍ പരാതി നല്‍കി.
ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച ശബ്ദരേഖയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ റോഷന്‍ ബെയ്ഗിനേയും കുറ്റപ്പെടുത്തുന്നുണ്ട്. ”നിങ്ങള്‍ ഈ ശബ്ദരേഖ കേള്‍ക്കുമ്പോഴേക്കും ഞാന്‍ ജീവിതം അവസാനിപ്പിച്ചിരിക്കും. ബിസിനസ് വളര്‍ത്തുന്നതിന് കഴിഞ്ഞ 13 വര്‍ഷമായി കഠിനമായി പ്രയത്‌നിച്ചു. ഇന്ന് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി കൊടുക്കണം. ശിവാജിനഗര്‍ എംഎല്‍എ റോഷന്‍ ബെയ്ഗ് എന്നെ വഞ്ചിച്ചു.
ആഭരണങ്ങളടക്കം 500 കോടി രൂപയുടെ ആസ്തി എനിക്കുണ്ട്. ഇതു വിറ്റ് നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു”- ഇങ്ങനെ പറയുന്ന ശബ്ദരേഖയാണ് മന്‍സൂര്‍ ഖാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് അയച്ചത്.
ഇതു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നിക്ഷേപകര്‍ ശിവാജിനഗറിലെ ജൂവലറിക്കുമുന്നില്‍ തടിച്ചുകൂടിയത്. വന്‍ പോലീസ് സന്നാഹവും എത്തി. ജൂവലറി അടച്ചിട്ടനിലയിലായിരുന്നു. റംസാന്‍ കണക്കിലെടുത്ത് ജൂണ്‍ ഒമ്പതുവരെ തുറക്കില്ലെന്ന നോട്ടീസ് കടയുടെ മുന്നില്‍ പതിച്ചിരുന്നു.
നിക്ഷേപകരില്‍നിന്നു 400 കോടി രൂപയോളം ജൂവലറിയുടമ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. മന്‍സൂര്‍ ഖാന്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു.

