Thursday, May 16, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദി കിര്‍ഗിസ്ഥാനിൽ; യാത്ര പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍-ഇറാന്‍ പാത വഴി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലേക്ക് തിരിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയില്‍ അംഗമായ ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍-ഇറാന്‍ പാത വഴിയാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്കു പോയത്. ബലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം പാകിസ്ഥാനു മുകളിലൂടെ പറക്കാന്‍ മോദിക്കു പാകിസ്ഥാന്‍ അനുമതി നല്‍കിയെങ്കിലും അവസാന നിമിഷം അതുവഴിയുള്ള യാത്ര വേണ്ടെന്നുവെയ്ക്കുകയായിരുന്നു.

ആഗോള സുരക്ഷ സാഹചര്യങ്ങള്‍, സാമ്പത്തിക സഹകരണം തുടങ്ങി രാജ്യാന്തര തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാവുക. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles