Monday, May 13, 2024
spot_img

ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ; പേടകം കൃത്യമായി പ്രവർത്തിക്കുന്നു; ചന്ദ്രയാൻ മിഷൻ അപ്ഡേറ്റ് ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

ബംഗളൂരു: ഭാരതത്തിന്റെ ചന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 03 അതിന്റെ പ്രയാണം തുടരുന്നു. ഭൂഭ്രമണപഥത്തിൽ ആദ്യം ജ്വലനം വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ. ട്വിറ്ററിലൂടെ പുറത്തുവിട്ട മിഷൻ അപ്ഡേറ്റിലാണ് ആദ്യ ജ്വലനം വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ അറിയിച്ചത്. ഘട്ടം ഘട്ടമായി എൻജിൻ ജ്വലിപ്പിച്ച് പേടകത്തിന്റെ ഭൂമിയിലെ ഭ്രമണപഥം ഉയർത്തുന്ന പ്രവർത്തനമാണ് ഭൂഭ്രമണപഥ ജ്വലനം അഥവാ എർത്ത് ബൗണ്ട് ഫയറിങ്. ബംഗളുരുവിലെ മിഷൻ കണ്ട്രോൾ സ്റ്റേഷനിൽ നിന്നാണ് ഐ എസ് ആർ ഒ പേടകത്തെ നിയന്ത്രിക്കുന്നത്. ഒന്നാം ഘട്ട ജ്വലനത്തോടെ പേടകം ഇപ്പോൾ ഭൂമിയിൽ നിന്ന് 173 കിലോമീറ്റർ കുറഞ്ഞ ദൂരവും 41762 കിലോമീറ്റർ കൂടിയ ദൂരവുമുള്ള ഭ്രമണ പഥത്തിലാണുള്ളത്.

ജൂലൈ 14 ഉച്ചക്ക് 02:35 നാണ് ഐ എസ് ആർ ഒ യുടെ എൽ വി എം 03 റോക്കറ്റ് വിക്ഷേപിച്ചത്. 16 മിനിറ്റ് ജ്വലനത്തിനൊടുവിലാണ് ബഹിരാകാശ പേടകം ആദ്യ ഭ്രമണപഥത്തിൽ എത്തിച്ചത്. അഞ്ചു ഘട്ടങ്ങളായി ഭൂഭ്രമണപഥം ഉയർത്തിയ ശേഷമായിരിക്കും പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിക്ഷേപിക്കുക. അടുത്ത മാസം 23 നാണ് പേടകത്തിലെ വിക്രം ലാൻഡർ റോവർ പ്രഗ്യാനെയും വഹിച്ചുകൊണ്ട് ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിംഗ് നടത്തുക. ഇതുവരെ ഒരു രാജ്യവും എത്തിച്ചേർന്നിട്ടില്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യ സോഫ്റ്റ് ലാൻഡിംഗ് നടത്താനൊരുങ്ങുന്നത്. പേടകം നന്നായി പ്രവർത്തിക്കുന്നതായും പ്രയാണം തുടരുന്നതായും ഐ എസ് ആർ ഒ അറിയിച്ചു.

Related Articles

Latest Articles