Wednesday, December 24, 2025

ഒക്ടോബര്‍ നാലിന് അങ്കം; രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍

ദില്ലി: ഒഴിഞ്ഞുകിടക്കുന്ന രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് ഇലക്ഷന്‍ കമ്മീഷന്‍. തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടക്കും.

തമിഴ്നാട്ടിലെ രണ്ടുസീറ്റ്, പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, മധ്യപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ രാജിവെച്ചതോടെയാണ് അഞ്ചുസീറ്റുകള്‍ ഒഴിവ് വന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജീവ് ശങ്കര്‍റാവു സതാവിന്റെ മരണത്തോടെയാണ് ഒരു സീറ്റില്‍ ഒഴിവുവന്നത്.

അതേസമയം എന്‍. ഗോപാലകൃഷ്ണന്റെ രാജ്യസഭാ കാലാവധി ഒക്ടോബര്‍ ആറിന് അവസാനിക്കുന്നതോടെയാണ് പുതുച്ചേരി സീറ്റിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാര്‍ ലെജിസ്ലേറ്റിവ് കൗണ്‍സിലില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു സീറ്റിലേയ്ക്കും അന്നുതന്നെ തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ നാലിന് വൈകിട്ട് ഫലം പ്രഖ്യാപിക്കുമെന്നും ഇലക്ഷൻ കമീഷൻ അറിയിച്ചു.

Related Articles

Latest Articles