Wednesday, December 24, 2025

മലയാളത്തിന്റെ അനശ്വരയായ അഭിനേത്രി വിടവാങ്ങിയിട്ട് ഒരാണ്ട്; കെപിഎസി ലളിതയില്ലാത്ത ഒരു വർഷം!

മലയാളികളുടെ ഹൃദയത്തിൽ തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്ത. കെപിഎസി ലളിതയുടെ ഓർമ്മകളാക്കിന്ന് ഒരു വയസ്. പ്രേക്ഷകരുടെ മുന്നിൽ നിറഞ്ഞാടിയ ഓരോ കഥാപാത്രത്തിലും ആത്മവിശ്വാസത്തോടെ, അനായാസതയോടെ അവർ ലാളിത്യത്തിന്റെ കയ്യൊപ്പിട്ടു. മലയാളിയുടെ മകളായും മരുമകളായും അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമൊക്കെ കെപിഎസി ലളിത അഭിനയിച്ചു എന്നതിനുമപ്പുറം ജീവിച്ചു എന്ന് പറയുന്നതാവും ശരി.

ഭൂമിയിൽ നിന്ന് ഉയർന്നുനിൽക്കുന്ന ആയിരം സിനിമാവേഷങ്ങൾക്കിടയിൽ, സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ ലളിതയുടെ സ്വന്തമായി. യഥാർത്ഥത്തിൽ അത്തരം വേഷങ്ങൾ തന്നെയാണ് ആ അതുല്യ കലാകാരിയെ ഇത്രമേൽ ജനങ്ങൾക്ക് പ്രിയങ്കരിയാക്കിയത്. .

അഭിനയശൈലിയിലെ ഹാസ്യം കലർന്ന മാനറിസങ്ങളും സഹജമായ ചുറുചുറുക്കും ലളിതയെ സമകാലിരായ മറ്റ് നടികളിൽ വ്യത്യസ്തയാക്കി. മാതൃഭാവത്തിലേക്കും വാത്സല്യത്തിലേക്കും മാത്രമൊതുങ്ങിനിൽക്കാതെ, കുസൃതിയും കുശുമ്പും കുന്നായ്മയും വേണമെങ്കിൽ അൽപം വില്ലത്തരവുംവരെ ലളിതയുടെ കൈകളിൽ ഭദ്രമായിരുന്നു. രൂപത്തെ തിരശീലയിൽ കണ്ടില്ലെങ്കിലും ശബ്ദാഭിനയത്തിലൂടെ ‘മതിലുകൾ’ എന്ന സിനിമയിലെ നാരായണി നമ്മളെ ഞെട്ടിച്ചതും ലളിതയുടെ കഴിവ് തന്നെയാണ്.

അരങ്ങിനെയും തിരശ്ശീലയെയും ധന്യമാക്കിയ ലളിത ഒരു നല്ല അഭിനേത്രിക്ക് ലഭിക്കാവുന്ന ഏതാണ്ടെല്ലാ കഥാപാത്രങ്ങളും ചെയ്തുകഴിഞ്ഞതിന്റെ സാഫല്യവുമായാണ് അരങ്ങൊഴിഞ്ഞത്. അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമൊക്കെ ഇനിയും ഒത്തിരി അഭിനേത്രികൾ പ്രേക്ഷകർക്കുമുന്നിലെത്തുമെങ്കിലും അവരാരും ലളിതയ്ക്ക് പകരക്കാരാവില്ല എന്നതാണ് യാഥാർഥ്യം.

Related Articles

Latest Articles