കൊച്ചി: എ.ടി.എമ്മിൽ പണമെടുക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിച്ച് തന്ത്രപരമായി പണം തട്ടിയെടുക്കുന്ന പ്രതി പിടിയിൽ. ആലപ്പുഴ ചേർത്തല അരൂക്കുറ്റി വടുതല ജെട്ടി തെക്കേ തങ്കേരി വീട്ടിൽ നജീബിനെയാണ് (35) സെൻട്രൽ പോലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എ.ടി.എമ്മിൽ പണം എടുക്കാൻ പ്രായമുള്ളവരെയും സ്ത്രീകളെയും സഹായിക്കാനെന്ന വ്യാജേനെയെത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പണമെടുക്കാൻ ബുദ്ധിമുട്ടുന്നവരെ സമീപിച്ച് അവരുടെ എ.ടി.എം കാർഡ് വാങ്ങിച്ച് പണമെടുത്ത് കൊടുക്കുന്ന പ്രതി, അവരുടെ യഥാർഥ എ.ടി.എം കാർഡ് നൽകാതെ മറ്റൊരു എ.ടി.എം കാർഡ് കൊടുത്തുവിടുന്നതാണ് രീതി.
പിന്നീട് പ്രതി അടുത്ത എ.ടി.എമ്മിൽ പോയി നേരത്തേ കൈക്കലാക്കിയ എ.ടി.എം കാർഡിൽ നിന്ന് പണം പിൻവലിക്കും. അക്കൗണ്ട് ബാലൻസ് നോക്കുമ്പോൾ കൂടുതൽ പണം ഉണ്ടെങ്കിൽ രാത്രി 11.58ന് ആ ദിവസത്തെ കൂടുതൽ തുകയും 12 മണിക്ക് ശേഷം പിറ്റേ ദിവസത്തെ തുകയും പിൻവലിക്കും. ഇത്തരത്തിൽ നൂറുകണക്കിന് ആളുകളുടെ പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയിൽനിന്ന് മുപ്പതോളം എ.ടി.എം കാർഡുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തട്ടിപ്പിനുശേഷം കിട്ടിയ പണം കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു രീതി. കൂടാതെ കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി നിക്ഷേപിക്കാൻ വരുന്നവരുടെ അടുത്തെത്തി അവരെ സഹായിച്ച് പണം മെഷീനിൽ ഇട്ടതിന് ശേഷം ‘കൺഫോം’ എന്നതിന് പകരം ‘കാൻസൽ’ എന്ന് പ്രസ് ചെയ്യും. എന്നിട്ട് പണം അയക്കാനെത്തിയവരോട് നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ്, അവർ പോകുമ്പോൾ മെഷീൻ തുറന്ന് പണമെടുക്കുകയും ചെയ്യുന്നതായിരുന്നു രീതി.

