Sunday, December 21, 2025

ദേശീയ തലത്തിൽ യുവാക്കൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതം !! എല്ലാ സംസ്ഥാനങ്ങളിലും ഇതിനായി പ്രത്യേക കമ്മീഷൻ രൂപീകരിക്കണം ! നൂതന ആശയം മുന്നോട്ട് വച്ച് സ്വദേശി ജാഗരൺ മഞ്ച്

തിരുവനന്തപുരം: ദേശീയ തലത്തിൽ യുവാക്കൾക്കിടയിൽ സംരംഭകത്വ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മീഷൻ രൂപീകരിക്കണമെന്ന് സ്വദേശി ജാഗരൺ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാർ. സമ്പന്നവും സമഗ്രവുമായ സാമൂഹിക അന്തരീക്ഷത്തിനായി ചെറു പ്രായത്തിൽ, പ്രത്യേകിച്ച് 15-16 വയസ്സിൽ തന്നെ, യുവതീ യുവാക്കൾക്ക് പുതിയ സംരഭകങ്ങൾ തുടങ്ങാനുള്ള സാങ്കേതിക ജ്ഞാനവും, ശേഷിയും, മാർഗ നിർദേശങ്ങളും നൽകാൻ സംരഭകത്വ കമ്മീഷനുകളിലൂടെ സാധ്യമാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“തൊഴിലന്വേഷകരേക്കാൾ തൊഴിൽ നൽകുന്നവരാകാൻ യുവമനസ്സുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുൻനിർത്തി, യുവാക്കൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിച്ച് ഓരോ പൗരനെയും സ്വയം പര്യാപ്തരാക്കുക എന്ന ആശയമാണ് സ്വദേശി ജാഗരൺ മഞ്ചിൻ്റെ പ്രധാന പരിപാടിയായ “കേരള യൂത്ത് ഫോക്കസ്” ലക്ഷ്യമിടുന്നത് ” – എസ്.ജെ.എം കേരള കൺവീനർ ഡോ. അനിൽ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ സംസ്ഥാന തലത്തിലുള്ള പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവേ സതീഷ് കുമാർ പറഞ്ഞു. ദക്ഷിണ ക്ഷേത്ര അധികാരി രജ്ഞിത്ത് കാർത്തികേയൻ മാർഗ നിർദേശം നൽകി.

കേരളത്തിൻ്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ നിലനിർത്തുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും എസ്ജെഎം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എം.എസ് എം.ഇ) ചെറുകിട വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സജീവ് എസ്.ആർ (കൊല്ലം), രമേശ് കെ.വി (കോട്ടയം), പത്മകുമാർ (തിരുവനന്തപുരം), അഡ്വ: അമ്പിളി (കൊല്ലം), കേണൽ പൊന്നമ്മ (തിരുവനന്തപുരം), ശിവകുമാർ (ആലപ്പുഴ), ഉണ്ണികൃഷ്ണൻ (തിരുവനന്തപുരം), നിധീഷ് (ആലപ്പുഴ) തുടങ്ങിയവരെ സംസ്ഥാന സമിതിയിലേക്കും തെരഞ്ഞെടുത്തു

Related Articles

Latest Articles