Monday, December 22, 2025

മറ്റ്‌ രാജ്യത്തുള്ളവരെ കൊലപ്പെടുത്തുക ഭാരതത്തിന്റെ നയമല്ല ! ‘അജ്ഞാതന്റെ’ ആക്രമണങ്ങളിൽ ഗാർഡിയന്റെ റിപ്പോർട്ട് തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം !

പാക് ഭീകരവാദികളെ ഉന്നമിട്ട് അതിർത്തികടന്നുള്ള ആക്രമണങ്ങൾ ഭാരതം നടത്തുന്നുവെന്ന ബ്രിട്ടീഷ്‌ ദിനപത്രം ദി ഗാർഡിയന്റെ റിപ്പോർട്ട് തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. പാകിസ്ഥാനിൽ ചിലരെ വധിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്ന ഗാർഡിയന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. വിദേശത്ത് നിന്ന് ഇന്ത്യയ്‌ക്കെതിരെയുള്ള തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും ഈ റിപ്പോർട്ട് ആരോപിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് മന്ത്രാലയം ഇക്കാര്യം തള്ളിയത്. തീർത്തും തെറ്റായ റിപ്പോർട്ടാണിതെന്നും. ദുരുദ്ദേശത്തോടെയുള്ള രാജ്യ വിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

മറ്റ്‌ രാജ്യത്തുള്ളവരെ ലക്ഷ്യമിട്ട്‌ കൊലപ്പെടുത്തുക എന്നത് ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന്‌ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ഉദ്ധരിച്ചുകൊണ്ടാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

2020 മുതൽ ഇത്തരത്തിൽ 20 കൊലപാതകങ്ങൾ പാകിസ്ഥാനിൽ സംഭവിച്ചതായാണു റിപ്പോർട്ടിൽ പറയുന്നത്. 2023 ആയതോടെ കൊലപാതകങ്ങളുടെ എണ്ണം വർധിച്ചുവെന്നും അജ്ഞാതരായ തോക്കുധാരികളാണു കൊലപാതകത്തിനു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയായ റോ ഇരുപതോളം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ദ ഗാർഡിയന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നത്. പാകിസ്ഥാന്റെ പക്കൽ നിന്ന് ലഭിച്ച തെളിവുകളുടേയും ഇന്ത്യയിലേയും പാകിസ്ഥാനിലെയും അതിർത്തിയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അഭിമുഖം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടാണിതെന്നാണ് ദ ഗാർഡിയൻ അവകാശപ്പെടുന്നത്.

Related Articles

Latest Articles