Tuesday, December 16, 2025

അവിവാഹിതയായ യുവതി പ്രസവിച്ച നവജാതശിശുവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് മൊഴി ! തകഴിയിലെ വയലിൽ പോലീസ് പരിശോധന ആരംഭിച്ചു

അമ്പലപ്പുഴ: പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തകഴിയിലെ വയലിൽ പോലീസ് പരിശോധന ആരംഭിച്ചു. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്പില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് കസ്റ്റഡിയിലുള്ള യുവതിയുടെ കാമുകന്റെയും ആൺ സുഹൃത്തിന്റെയും മൊഴി. അതേസമയം കുഞ്ഞിന്റെ മരണം കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും.

പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാമുകന്റെ നാടായ തകഴിയില്‍ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24) ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പൂച്ചാക്കലിലെ വീട്ടില്‍വെച്ച് 22-കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. തുടർന്ന് അണുബാധയെ തുടർന്ന് ഇന്നലെ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

പ്രസവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞ് വീട്ടിലുണ്ടെന്നും കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയെന്നും ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമൊക്കെ പരസ്‌പര വിരുദ്ധമായാണ് യുവതി മറുപടി പറഞ്ഞത്. ഇതോടെ ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി. യുവതിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കാമുകനെക്കുറിച്ച് വെളിപ്പെടുത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തരയോടെ കാമുകനെ കസ്റ്റഡിയിലെടുത്തതോടെയാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ലഭിച്ചത്.

Related Articles

Latest Articles